കേരളത്തിലേക്ക് അഫ്ഗാൻ എംഡിഎംഎയുടെ കുത്തൊഴുക്ക്;സ്വർണക്കടത്ത് കുറഞ്ഞതോടെ കാരിയർമാർ ലഹരിക്കടത്തിലേക്ക്;ലാഭം പത്തിരട്ടി; എത്തിക്കുന്നത് ഒമാൻ, ഖത്തർ വഴി ഇന്ത്യയിലേക്ക്

Spread the love

കൊച്ചി: അഫ്ഗാൻ എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി കേരളത്തിലേക്ക് എത്തുന്നത് വർധിച്ചു. ഇറാൻ തുറമുഖത്തെത്തിക്കുന്ന ലഹരി ഒമാൻ, ഖത്തർ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. കേരളത്തിലേക്ക് വിദേശത്തുനിന്നുള്ള എംഡിഎംഎയുടെ വരവ് ഈ വർഷം വർധിച്ചതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

ന്യൂജെൻ ലഹരിമരുന്നായ എംഡിഎംഎ യുവാക്കളുടെ ഇടയിൽ തരംഗമായതോടെ പൊലീസിനും നർകോടിക്സ് വിഭാഗത്തിനും വലിയ തലവേദനയാണ്.

വീര്യമേറിയ എംഡിഎംഎയാണ് അഫ്ഗാനിൽ നിന്നെത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾ വഴിയുള്ള ഇത്തരം ലഹരിയുടെ വരവ് ആറുമാസത്തിനിടെ കൂടിയിട്ടുണ്ട്. ഗ്രാമിന് 3000 മുതൽ 5000 രൂപ വരെ വിലയുള്ള ലഹരി ഒരു കിലോയിലധികം വരെ ഒരാളിൽനിന്ന് പിടികൂടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളങ്ങൾ വഴിയെത്തുന്നത് ഇത്തരത്തിൽ വലിയ അളവിലുള്ള ലഹരിയാണ്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നു മാത്രം ഇൗ വർഷം 100 കോടിയിലധികം രൂപയുടെ മൂല്യമുള്ള ലഹരിയാണ് പിടികൂടിയത്. ഇതോടൊപ്പം ഹൈബ്രിഡ് കഞ്ചാവിന്റെ വരവും കൂടിയിട്ടുണ്ട്.

കോവിഡിനുശേഷം അഫ്ഗാനിൽ ഹെറോയിൻ നിർമാണത്തിൽ കുറവുവന്നതായും എംഡിഎംഎ ഉത്പാദനം കൂടിയതായും കണ്ടെത്തിയിട്ടുണ്ട്. രാസലഹരി നിർമാണത്തിന് ചെലവ് കുറവും ലാഭം കൂടുതലുമാണ്. ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് ഇത് എത്തിക്കുന്നത്.

കപ്പൽമാർഗം ശ്രീലങ്കയിലെത്തിച്ച് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കപ്പൽമാർഗംതന്നെ കൊണ്ടുപോകുന്നുണ്ട്. അഫ്ഗാനിസ്താന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ലഹരിവ്യാപാരം. കറുപ്പ്, ഹെറോയിൻ എന്നിവയുടെ ഉത്പാദത്തിൽ ആഗോളതലത്തിൽ അഫ്ഗാനിസ്താനാണ് മുന്നിൽ. ലോകത്ത് വ്യാപാരം ചെയ്യുന്ന ഹെറോയിന്റെ 90 ശതമാനത്തോളം ഇവിടെ ഉണ്ടാക്കുന്നതാണ്.

ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് കുറഞ്ഞതോടെ ഈ രംഗത്തെ കാരിയർമാരെ ലഹരിക്കടത്തിനായി ഉപയോഗിക്കുന്നുണ്ട്. സ്വർണക്കടത്തുമായി താരതമ്യം ചെയ്യുമ്പോൾ ലഹരിക്കടത്തിന് പത്തിരട്ടി ലാഭമുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.