
പണംവെച്ച് ചീട്ടുകളി: പൊതുമേഖലാ സ്ഥാപന എം.ഡി അടക്കം 9 പേർ അറസ്റ്റിൽ; 5.6 ലക്ഷം രൂപ പിടികൂടി ; രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപന എംഡി അടക്കം ഒമ്പത് േപരെ പൊലീസ് പിടികൂടി. യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ്.ആർ വിനയകുമാറിനെയും കൂട്ടാളികളെയുമാണ് പിടികൂടിയത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ കൂടിയായ വിനയകുമാറിന്റെ പേരിലെടുത്ത മുറിയിൽവെച്ചായിരുന്നു ചീട്ടുകളി.
സംഘത്തിൽ നിന്ന് 5.6 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പണം വെച്ച് ചീട്ടു കളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വൈകീട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമൽ, ശങ്കർ, ഷിയാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍നിന്നാണ് ഇവരെ പിടികൂടിയത്. ആദ്യം ഏഴുപേരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, തന്‍റെ പേരില്‍ മുറിയെടുത്തത് ആരാണെന്ന് അറിയില്ലെന്ന് വിനയകുമാര്‍ പറഞ്ഞു.