എം.സി റോഡിൽ പള്ളത്ത് വാഹനാപകടം: നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് റോഡിൽ വീണ ഓട്ടോ ഡ്രൈവർ ലോറി കയറിയിറങ്ങി മരിച്ചു; മരിച്ചത് പാക്കിൽ സ്വദേശിയായ ഓട്ടോഡ്രൈവർ
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിൽ പള്ളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് പാക്കിൽ സ്വദേശിയായ ഓട്ടോഡ്രൈവർ മരിച്ചു. ബൈക്ക് ഇടിച്ചു റോഡിൽ തെറിച്ചു വീണ ഓട്ടോ ഡ്രൈവറുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഓട്ടോഡ്രൈവറുടെ മരണത്തിനു കാരണമായ ലോറി നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി.
പാക്കിൽ പവർ ഹൗസ് പൂവത്തുമൂട്ടിൽ പോത്തൻ ഉലഹന്നാൻ (പോത്തൻ രാജു – 60)വാണ് മരിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരും തിരുവല്ല സ്വദേശികളുമായ ആസിഫ് , അലക്‌സ് പോൾ എന്നീ യുവാക്കൾക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു അയച്ചു. ആസിഫിനു തലയ്ക്കു പരിക്കുണ്ട്. അലക്‌സിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ എം.സി റോഡിൽ പള്ളം കരിമ്പുംകാലാ റസ്റ്ററന്റിനു സമീപത്തെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ യൂണിറ്റിനു മുന്നിലായിരുന്നു അപകടം. പാക്കിൽ പവർഹൗസ് ഭാഗത്തെ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് മരിച്ച രാജു. പവർഹൗസിനു സമീപത്തെ റോഡിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷം സമീപത്തെ കടയിലേയ്ക്കു പോയതായിരുന്നു രാജു. കടയിൽ നിന്നും ഇറങ്ങിയ രാജു, ഓട്ടോറിക്ഷ കിടക്കുന്ന ഭാഗത്തേയ്ക്കു റോഡ് മുറിച്ചു കടന്നു.
ഇതിനിടെ ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ബൈക്ക് രാജുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജു റോഡിൽ ഉയർന്നു തെറിച്ചു വീണു. തലയിടിച്ചു റോഡിൽ വീണ രാജുവിന്റെ ശരീരത്തിലൂടെ കോട്ടയം ഭാഗത്തു നിന്നും എത്തിയ മിനിലോറി കയറിയിറങ്ങി. രാജുവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം മിനി ലോറി നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോകുകയും ചെയ്തു.
രാജുവിനെ ഇടിച്ച ബൈക്ക് യാത്രക്കാരായ യുവാക്കൾ അപകടം നടന്ന സ്ഥലത്തു നിന്നും മീറ്ററുകൾ ദൂരെ മാറി തലയിടിച്ചു വീണു. അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിട്ടുമുണ്ട്. ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്തെ ഓട്ടോഡ്രൈവർമാരും ചേർന്നാണ് ബൈക്ക് യാത്രക്കാരെയും രാജുവിനെയും ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും രാജുവിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.