എം.സി റോഡിൽ തെള്ളകത്ത് കാർ മറിഞ്ഞത് അമിത വേഗത്തെ തുടർന്ന്; അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിൽ ഇടിച്ച് മറിയുന്നതിന്റെ സിസിടിവി ക്യാമറയിലെ കൂടുതൽ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; ആദാമിന്റെ ചായക്കടയും കാരിത്താസ് ജംഗ്ഷനും കുരുക്കിന്റെ കേന്ദ്രങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: വെള്ളിയാഴ്ച രാവിലെ എട്ടു മണിയ്ക്കു എം.സി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് തലകീഴായി കാർ മറിഞ്ഞത് അമിത വേഗത്തെ തുടർന്നെന്നതിനു വ്യക്തമായ തെളിവ് പുറത്ത്. കാറിനു മുന്നിൽ ബൈക്ക് കുറുകെ ചാടിയപ്പോൾ അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഇത് തെറ്റാണെന്നു തെളിയിക്കുന്ന കൂടുതൽ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്.
റോഡിന്റെ ഇടത് വശം ചേർന്ന് അമിത വേഗത്തിൽ വരുന്ന കാർ റോഡരികിലേയ്ക്കു പാളി നീങ്ങി, പോസ്റ്റിൽ ഇടിച്ച ശേഷം ഒരു യുവതിയെയും തട്ടിയാണ് അപകടത്തിൽപ്പെടുന്നത്. പോസ്റ്റിൽ ഇടിച്ച് ചിതറിയ കാർ, വലത്തേയ്ക്കു തെന്നി നീങ്ങി സമീപത്തെ പുരയിടത്തിലേയ്ക്കു വീഴുന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ അപകടമുണ്ടായി മണിക്കൂറുകൾക്കിടയിൽ പുറത്തു വന്ന വിവരങ്ങൾ തെറ്റാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. ബൈക്ക് കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നായിരുന്നു പ്രാഥമികമായി ലഭിച്ച വിവരം. ഈ വിവരം ശരിയല്ലെന്നാണ് ഇതുവരെ ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
ഇതിനിടെ തെള്ളകത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കാരിത്താസ് ജംഗ്ഷനിൽ പണ്ടു മുതൽ തന്നെ ഗതാഗതക്കുരുക്കുണ്ടായിരുന്നു. നാലും കൂടിയ ഇവിടെ എത്രശ്രമിച്ചാലും കുരുക്ക് അഴിക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ ആദാമിന്റെ ചായക്കട എന്ന പേരിലുള്ള പുതിയ ഹോട്ടൽ ഇതിനു സമീപത്തായി ആരംഭിച്ചിരിക്കുന്നത്.
ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വൻ തിരക്കാണ് എല്ലാ സമയത്തും അനുഭവപ്പെടുന്നത്. ഇതോടെ കാരിത്താസ് ജംഗ്ഷൻ കൂടാതെ മറ്റൊരു കുരുക്കിന്റെ കേന്ദ്രം കൂടി നൂറ് മീറ്റർ മാറി രൂപപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിൽ നൂറു മീറ്ററിനിടെ രണ്ടിടത്താണ് വാഹനങ്ങൾക്ക് കുരുക്കിൽ കുടുങ്ങിക്കിടക്കേണ്ടി വരുന്നത്. ഇത് കൂടാതെ ആദാമിന്റെ ചായക്കടയിൽ എത്തുന്ന വാഹനങ്ങൾ റോഡിലേയ്ക്കിറക്കി പാർക്ക് ചെയ്യുന്നതും കുരുക്കിന്റെ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർക്കിംങ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.