എം.സി റോഡിൽ മണിപ്പുഴയിലെ റോഡരികിൽ പട്ടിണിയിലേയ്ക്കു നീങ്ങി നാടോടി കുടുംബം: കച്ചവടത്തിനെത്തിയ നാടോടി കുടുംബം പട്ടിണിയിലേയ്ക്കു നീങ്ങുന്നു; അതിഥി തൊഴിലാളികളെ പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കുന്നില്ല; ഇവരുടെ കാര്യം നോക്കേണ്ടത് ഞങ്ങളല്ലെന്നു നഗരസഭ ആരോഗ്യ വിഭാഗം
എ.കെ ശ്രീകുമാർ
കോട്ടയം: എം.സി റോഡിൽ മണിപ്പുഴ ജംഗ്ഷനിലെ പുരയിടത്തിൽ ടെൻഡ് കെട്ടിതാമസിക്കുന്ന നാടോടി കുടുംബം പട്ടിണിയിലേയ്ക്ക്. കച്ചവടത്തിനായി കേരളത്തിലെത്തിയ ഇവർ കൊറോണയ്ക്കു പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണോടെ ദുരിതത്തിലായിരിക്കുകയാണ്. റോഡരികിൽ ടെൻഡ് കെട്ടി താമസിക്കുന്ന ഇവർ 21 ദിവസം റോഡരികിൽ കഴിയേണ്ടി വന്നാൽ പട്ടിണി കിടന്നു മരിക്കേണ്ട അവസ്ഥയിലാണ്.
കൊറോണ പടർന്നു പിടിക്കുന്നതിനു മുൻപു തന്നെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം മണിപ്പുഴ നാലുവരിപ്പാതയിലെ റോഡരികിൽ എത്തിയിരുന്നു. മൺകലങ്ങളും ഭരണിയും വിൽക്കുന്നതിനായാണ് ആന്ധ്രയിൽ നിന്നുള്ള ഏഴംഗ നാടോടി കുടുംബം ഇവിടെ എത്തിയത്. 31 വരെ ആദ്യ ഘട്ടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും, വാഹനങ്ങൾ കടത്തി വിടേണ്ടെന്നു സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ചെയ്തതോടെയാണ് ഇവർ പെട്ടു പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ഘട്ട നിയന്ത്രണങ്ങൾ തീരുമ്പോൾ 31 ന് നാട്ടിലേയ്ക്കു മടങ്ങാമെന്നായിരുന്നു ഇവരുടെ പദ്ധതി. പച്ചക്കറിയും അവശ്യസാധനങ്ങളും ഇതിനായി വാങ്ങി സൂക്ഷിക്കുയും ചെയ്തു. എന്നാൽ, നാട്ടുകാർ റോഡിലിറങ്ങാതെ ആയതോടെ സാധനങ്ങൾ വിൽക്കാൻ സാധിക്കാത്ത സ്ഥിതിയായി. ഇതോടെ കയ്യിലുണ്ടായിരുന്ന പണവും തീർന്നു. അവശ്യസാധനങ്ങൾ ലഭിക്കാതെയുമായി. തുടർന്നാണ് ഇവർ പ്രതിസന്ധിയിലായത്. തുറസായ സ്ഥലത്ത് ടെൻഡ് കെട്ടിയാണ് ഇവർ താമസിക്കുന്നത്. ബുധനാഴ്ച ഉണ്ടായ മഴയിൽ ഇവർ താമസിക്കുന്ന ടെൻഡും പരിസരവും വെള്ളത്തിൽ മുങ്ങി. ഇതോടെ ഇവരും പ്രതിസന്ധിയിലായി.
കഴിക്കാൻ ഭക്ഷണവും വെള്ളവുമില്ലാതെ വന്നതോടെ നാട്ടുകാരും പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരും ഇവരുടെ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ച രാവിലെയും ഇവർക്ക് ഭക്ഷണവും വെള്ളവും ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് എത്തിച്ചു നൽകിയത്. തുടർന്നു നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചെങ്കിലും തങ്ങൾ എന്തു ചെയ്യാനാണ് എന്നു ചോദിച്ചു കൈമലർത്തുകയാണ് ഇവർ ചെയ്തത്. തുടർന്നു, ചിങ്ങവനം പൊലീസിനെയും നാട്ടുകാർ വിവരം അറിയിച്ചു. ജീപ്പിൽ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇവരെ കണ്ട് സ്ഥിതി ബോധ്യപ്പെട്ടെങ്കിലും ഒന്നും ചെയ്യാതെ മടങ്ങി.
തങ്ങൾക്ക് താമസിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏതെങ്കിലും ഒരുക്കി നൽകുകയാണ് വേണ്ടതെന്ന് ഇവർ തേർഡ് ഐ ന്യൂസ് വാർത്താ സംഘത്തോട് അഭ്യർത്ഥിച്ചു. പിഞ്ചു കുട്ടിയും ഗർഭിണിയായ സ്ത്രീയും അടങ്ങുന്ന സംഘമാണ് വഴിയരികിൽ കിടക്കുന്നത്. രാത്രിയിൽ ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് ഇവിടെയെന്നും ഇവർ പറഞ്ഞു. അതിഥി തൊഴിലാളികൾക്കു സുരക്ഷ ഉറപ്പാക്കുമെന്നും, ഭക്ഷണം നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നിലനിൽക്കെയാണ് ഇപ്പോൾ ഇവർക്കു സഹായം ചെയ്യാതെ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും കൈമലർത്തുന്നത്.