എം.സി റോഡിൽ ചവിട്ടുവരി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു: ഒരാൾക്ക് പരിക്കേറ്റു; മഴയിൽ തെന്നിയ റോഡുകളിൽ അപകടം വർദ്ധിക്കുന്നു; എം.സി റോഡിൽ ഗതാഗതക്കുരുക്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം: എം.സി റോഡിൽ ചവിട്ടുവരി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. മണർകാട് ചാലക്കുഴിയിൽ മിലനാ(21)ണ് പരിക്കേറ്റത്. കനത്ത മഴയിൽ റോഡിൽ തെന്നിമാറിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ സാരമായി പരിക്കേറ്റ മിലനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ കനത്ത മഴ നടക്കുമ്പോഴായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്നു മിലൻ സഞ്ചരിച്ച കാർ. ഈ സമയം എതിർ ദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറിന്റെ വശങ്ങൾ പൂർണമായും തകർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയെ തുടർന്നു തെന്നിക്കിടന്ന റോഡിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായ കാറുകൾ തമ്മിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽ പരിക്കേറ്റ് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന മിലനെ പുറത്ത് എത്തിച്ചത്. തുടർന്നു, ഇയാലെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
അപകടത്തെ തുടർന്നു അരമണിക്കൂറോളം എം.സി റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ യാത്രക്കാർക്കും നിസാര പരിക്കേറ്റു. ഇവരും പ്രാഥമിക ചികിത്സ തേടിയിട്ടുണ്ട്.