
എംസി റോഡരികിലെ നടപ്പാത നവീകരണം; കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ തന്നെ ; യാത്രക്കാർ അപകട ഭീതിയിൽ
ചങ്ങനാശേരി: നഗരത്തിൽ എംസി റോഡരികിലെ നടപ്പാത നവീകരണത്തിനു ശേഷം കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽത്തന്നെ.
ഇതുമൂലം യാത്രക്കാർ അപകടഭീതിയിലാണ്. ഈയിടെ എംസി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ചങ്ങനാശേരി നഗരത്തിലെ തകർന്നു കിടന്ന നടപ്പാതകൾ നവീകരിച്ചത്. പഴയ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചു തന്നെയാണ് നവീകരണം പൂർത്തിയാക്കിയത്. എന്നാൽ നടപ്പാതയുടെ പൊളിച്ചുമാറ്റിയ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നിർമാണത്തിനു ശേഷം റോഡരികിലും നടപ്പാതയിലും തന്നെ തള്ളിയതാണ് ഇപ്പോൾ അപകടക്കെണിയാകുന്നത്.
രാത്രി കാൽനടയാത്രക്കാർ ഇതിൽ തട്ടി മറിഞ്ഞു വീഴുന്നു. നിർമാണത്തിനായി കൊണ്ടുവന്ന മണൽക്കൂനയും റോഡിൽ നിന്നു നീക്കം ചെയ്തിട്ടില്ല. വാഹനങ്ങൾ ഇതിൽ തട്ടി അപകടമുണ്ടാകുന്നുണ്ട്. എസ്ബി കോളജിനു സമീപം, സെൻട്രൽ ജംക്‌ഷൻ, പെരുന്ന എന്നിവിടങ്ങളിലെല്ലാം കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്യേറ്റം തകൃതി
നഗരത്തിലെ നടപ്പാത നവീകരിച്ചതോടെ കയ്യേറ്റവും വ്യാപകമാണ്. പല കടകളും തട്ടുകൾ നടപ്പാതയിലേക്കിറക്കി വച്ചാണ് കച്ചവടം നടത്തുന്നത്. ഇതു കാരണം കാൽനടയാത്രക്കാർ, വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകുന്ന റോഡിലേക്കിറങ്ങി നടക്കേണ്ടി വരുന്നു. സെൻട്രൽ ജംക്‌ഷനിലും നഗരസഭാ കാര്യാലയത്തിനു സമീപവും നടപ്പാത കയ്യേറിയുള്ള കച്ചവടം വ്യാപകമാണ്. നടപ്പാത കയ്യേറിയുള്ള കച്ചവടം വ്യാപകമായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.