എം.സി റോഡിലെ കുഴിയ്ക്ക് മറ്റൊരു രക്തസാക്ഷി കൂടി..! തെള്ളകത്ത് റോഡിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് പത്തനംതിട്ട ഫെഡറൽ ബാങ്ക് ജീവനക്കാരൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: എം.സി റോഡിലെ വെള്ളക്കെട്ടിനും അശാസ്ത്രീയ നിർമ്മാണത്തിനും മറ്റൊരു രക്തസാക്ഷി കൂടി. തെള്ളകത്ത് ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തനംതിട്ട ഫെഡറൽ ബാങ്ക് ജീവനക്കാരൻ തൃശൂർ ചെങ്ങള്ളൂർ കുരിശേരി വീട്ടിൽ ഷോബിൻ ജെയിംസ് (25)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.40 ന് തെള്ളകത്തുണ്ടായ അപകടത്തിലാണ് ഷോബിന് പരിക്കേറ്റത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഷോബിൻ. ഷോബിനെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെയോടെ ഷോബിന്റെ മരണം സംഭവിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാവിലെ പത്തനംതിട്ടയിലെ ജോലി സ്ഥലത്തേയ്ക്കു ബൈക്കിൽ പോകുന്നതിനിടെയാണ് തെള്ളകത്ത് റോഡിൽ വെള്ളക്കെട്ടിലെ കുഴിയിൽ ഷോബിന്റെ ബൈക്ക് വീണത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് തെറിച്ചു വീണതിനെ തുടർന്നു ഷോബിന്റെ തല എതിർദിശയിൽ നിന്നും എത്തിയ എയിസ് മിനി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു ഹെൽമറ്റ് തലയിൽ നിന്നും തെറിച്ചു പോയതാണ് അപകടത്തിനു കാരണമായിരിക്കുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.