
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ആറുമാസത്തിനകം മാലിന്യ പ്രശ്നത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു എന്നും മന്ത്രി ആരോപിച്ചു.
ജോയിയെ കണ്ടെത്താൻ നടന്നത് മഹത്തായ രക്ഷാപ്രവർത്തനമാണ്. രക്ഷാപ്രവർത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. അപകടം നടന്നത് റെയിൽവേ ഭൂമിയിലാണ്. സർക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്കരണത്തിനായുള്ള യോഗത്തിൽ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി.
മാലിന്യനീക്കത്തിൽ ഇനിയും റെയിൽവേ സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട യോഗത്തിൽ രണ്ട് ഡി.ആർ.എമ്മുമാരും പങ്കെടുക്കാൻ തയ്യാറായില്ല. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട 20 കർമ്മ പദ്ധതികൾ ആ യോഗത്തിന്റെ മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിനിട്‌സിൽ രേഖപ്പെടുത്തിയ 22 കാര്യങ്ങളിൽ 20 എണ്ണവും റെയിൽവേ ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു. റെയിൽവേ പാതയിൽ അങ്ങോളമിങ്ങോളം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉത്പാദകരുടെ ഗണത്തിലാണ് റെയിൽവേയെ ഹൈക്കോടതി ഉൾപ്പെടുത്തിയത്.
റെയിൽവേ പാതയിലും റെയിൽവേ ഭൂമിയിലും ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്നാണ് ജൂലായ് ആറിന് ഹൈക്കോടതി നിർദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ റെയിൽവേയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്നും മന്ത്രി ആരോപിച്ചു.