
സംസ്ഥാനത്തെ മദ്യനയത്തെക്കുറിച്ചും ബാറുകളുടെ എണ്ണത്തെക്കുറിച്ചും പ്രതിപക്ഷം നടത്തുന്ന പ്രചരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഈ സർക്കാർ ആയിരം ബാറുകള്‍ പുതുതായി അനുവദിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തെറ്റാണെന്നും, മുൻ സർക്കാരിന്റെ കാലത്തെ എണ്ണം കൂടി കൂട്ടിയാല്‍ പോലും ആയിരം തികയില്ലെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം പ്രചരണങ്ങള്‍ സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അയല്‍സംസ്ഥാനങ്ങളുമായുള്ള താരതമ്യം കേരളത്തിലെ ബാറുകളുടെയും ഔട്ട്ലെറ്റുകളുടെയും എണ്ണം മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ബാറുകളും റീട്ടെയില്‍ ഔട്ട്ലെറ്റുകളും ഉള്‍പ്പെടെ ആകെ 1442 എണ്ണം മാത്രം ആണ്. എന്നാല്‍ കർണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ 5600-ഓളം മദ്യശാലകള്‍ ഇവിടെയുണ്ട്. കേരളത്തേക്കാള്‍ ചെറിയ സംസ്ഥാനമായ തെലങ്കാനയില്‍ പോലും 600-ലധികം ഔട്ട്ലെറ്റുകളുണ്ട്. ആന്ധ്രയിലെ എണ്ണം കേരളത്തിന്റേതിന് ഏതാണ്ട് ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു. മദ്യശാലകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചത് ഇന്ത്യയിലുടനീളമുള്ള സമയക്രമവുമായി പൊരുത്തപ്പെടുന്ന രീതിയിലാണെന്ന് മന്ത്രി വിശദീകരിച്ചു. ടൂറിസം മേഖലകളില്‍ നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന സമയക്രമം (രാവിലെ 10 മുതല്‍ രാത്രി 12 വരെ) മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ചെയ്തത്. ബാംഗ്ലൂരില്‍ പുലർച്ചെ ഒരു മണി വരെയും തമിഴ്നാട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 24 മണിക്കൂറും മദ്യലഭ്യതയുണ്ടെന്ന വസ്തുതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലൈസൻസ് ഫീസിന്റെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. 35 ലക്ഷം രൂപയാണ് കേരളത്തിലെ യൂണിഫോം ലൈസൻസ് ഫീസ്. ഈ സർക്കാർ അധികാരത്തില്‍ വന്ന ശേഷം 12 ലക്ഷം രൂപയാണ് ഫീസ് വർദ്ധിപ്പിച്ചത്. അയല്‍സംസ്ഥാനങ്ങളില്‍ ഇത് കുറവാണെന്നും കർണാടകയില്‍ സ്ലാബ് അടിസ്ഥാനത്തില്‍ ആറ് മുതല്‍ പത്ത് ലക്ഷം രൂപ വരെ മാത്രമാണ് ഈടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാർ നിലപാട് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നവരും കേരളത്തിലുണ്ട്. മാറുന്ന സാമൂഹ്യ യാഥാർത്ഥ്യങ്ങളും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളുടെ വളർച്ചയും പരിഗണിച്ച് നിയന്ത്രണങ്ങളില്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ നീക്കുകയല്ല, മറിച്ച് മദ്യനയത്തെ പരിഷ്കരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.



