ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നൽകി എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം
സ്വന്തം ലേഖകൻ
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നൽകി എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം.
ആറു വർഷം മുമ്പ് പി രാജീവ് പാർലമെന്റ് മെമ്പറായിരിക്കെയാണ് ഊട്ടുപുര പദ്ധതി തുടങ്ങിയത്. ഒരു ദിവസത്തെ ഭക്ഷണത്തിന് 50000 രൂപ ചിലവ് വരുന്നുണ്ട്. ഊട്ടുപുരയ്ക്കുള്ള ധനസമാഹരണാർത്ഥം വർഷാവർഷം ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐഎംഎ) കൊച്ചി ശാഖ സംഘടിപ്പിച്ചു വരുന്ന ഹരിതം ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവിന്റെ അഭ്യർഥനയെ മാനിച്ചാണ് വ്യവസായ പ്രമുഖൻ എം.എ യൂസഫലി ഒരുകോടി രൂപ സംഭാവന നൽകുന്നത്. തുടക്കം മുതൽ ഒരു ദിവസം പോലും മുടക്കം കൂടാതെ നടന്നു വരുന്ന ഊട്ടുപുര പദ്ധതിയ്ക്കുള്ള ധന സമാഹരണം വിവിധ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയും, ഐഎംഎ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയുമാണ് നടക്കുന്നത്. ഇതാദ്യമായാണ് ഒരു വ്യക്തി ഇത്രയും വലിയ തുക ഊട്ടുപുര പദ്ധതിയ്ക്ക് സംഭാവന നൽകുന്നത്.