കാണാതായ മായ സുരക്ഷിതയാണ്, പേടിക്കേണ്ട..! അച്ഛന്റെ ഫോണിലേയ്ക്കു വന്ന കോൾ ചുരുളഴിച്ചത് മകളുടെ തിരോധാനത്തിലെ ദുരൂഹത; വിവാഹം നിശ്ചയിച്ചതിനു പിന്നാലെ വീടുവിട്ടിറങ്ങിയ യുവതിയെ കാടിനുള്ളിൽ ഒളിപ്പിച്ചത് കാമുകനും അച്ഛനും ചേർന്ന്

Spread the love

ക്രൈം ഡെസ്‌ക്

മൂഴിയാർ: വിവാഹം നിശ്ചയിച്ചതിനു പിന്നാലെ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ കാടിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ കാമുകനും അച്ഛനും പിടിയിൽ. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ശേഷം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയ കാമുകൻ അച്ഛനൊപ്പം ചേർന്നു കൊടും കാടിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുന്നതിനിടെ ‘മായ സുരക്ഷിതയാണെന്നും ആരും അന്വേഷിക്കേണ്ടന്നുമുള്ള ഫോൺ സംഭാഷണമാണ് നിർണ്ണായകമായത്. ഈ ഫോൺ സംഭാഷണത്തെ പിൻതുടർന്നു പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

മൂഴിയാറിൽ നിന്നും കാണാതായ പെൺകുട്ടിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കാടിനുള്ളിൽ നിന്നും കണ്ടെത്തിയത്. സായിപ്പിൻകുഴി ആദിവാസി കോളനിയിൽനിന്ന് കാണാതായ ബേബിയുടെ മകൾ മായയെ (19) ആണ് പൊലീസുകാരും നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്. പെൺകുട്ടിയെ വീടു വിട്ട് പോകാൻ സഹായിച്ച കാമുകനും ഇതേ കോളനിയിലെ തന്നെ താമസക്കാരനുമായ കാമുകൻ രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ബേബിയുടെ മകൾ മായയെ (19) കാണാതാകുന്നത്. തുടർന്ന് പൊലീസും, വനപാലകരും, അഗ്നിരക്ഷാസേന പ്രവർത്തകരും, നാട്ടുകാരും കൂടി രണ്ട് ദിവസമായി കാട്ടിൽ തിരച്ചിലിലായിരുന്നു. ഉദ്യോഗസ്ഥരെ തിരച്ചിലിനു രാജേഷും സഹായിച്ചിരുന്നു. അതിനാൽ തന്നെ പൊലീസിന് രാജേഷിനെ സംശയം ഒന്നും തോന്നിയതുമില്ല. പെൺകുട്ടിയെ രണ്ട് ദിവസമായും കണ്ടെത്താനാവാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷും പിതാവ് രാജപ്പനും പിടിയിലായത്.

സായിപ്പികുഴി കോളനിയിലുള്ള യുവാവുമായി മായയുടെ വിവാഹം ഉറപ്പിച്ചിരുന്നു. രാജേഷുമായി പ്രണയത്തിലായിരുന്ന മായ ഈ വിവാഹം നടക്കാതിരിക്കാനാണ് വീട്ടിൽ നിന്നിറങ്ങിയത്.

സംഭവത്തെറ്റി പൊലീസ് പറയുന്നത്: വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് കാമുകനുമൊത്ത് രാത്രി വീട് വിട്ട് വന്ന മായ രാജേഷിനൊപ്പം മൂഴിയാർ അണക്കെട്ടിനു സമീപം എത്തി.

മായയെ സുരക്ഷിത താവളത്തിൽ എത്തിച്ച ശേഷം രാജേഷ് മടങ്ങി. രാവിലെയാണ് മായയെ കാണാനില്ലെന്ന വാർത്ത പടരുന്നത്. തുടർന്ന് മൂഴിയാർ സ്റ്റേഷനിൽനിന്ന് പൊലീസും, കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരും സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച സീതത്തോട്ടിൽനിന്ന് അഗ്നിരക്ഷാ സേന മൂഴിയാർ അണക്കെട്ടിലും തിരച്ചിൽ നടത്തി.

ആദിവാസി യുവാക്കളിൽ സംശയം ഉള്ളവരെ പൊലീസ് ചോദ്യം ചെയ്തിട്ടും സൂചനയൊന്നും ലഭിച്ചില്ല. ശനിയാഴ്ച സന്ധ്യയോടെ ബേബിയുടെ ഫോണിലേക്കു വിളിച്ചയാൾ ‘മായ സുരക്ഷിതയാണെന്നും ആരും അന്വേഷിക്കേണ്ടന്നും’ പറഞ്ഞ ശേഷം ഫോൺ ഓഫ് ആക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചിപ്പൻകുഴി കോളനി സ്വദേശി അയ്യപ്പനാണ് സിം ഉടമയെന്ന് അറിഞ്ഞു. എന്നാൽ സിം ഉപയോഗിക്കുന്നത് അയ്യപ്പന്റെ സഹോദരനും രാജേഷിന്റെ അച്ഛനുമായ രാജനാണെന്ന് അറിഞ്ഞതോടെ രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനിയല്ല.

ഇന്നലെ രാവിലെ ആദിവാസികളുടെ സഹായത്തോടെ വീണ്ടും രാജനുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ മായ ഇയാൾക്കൊപ്പം ഉണ്ടെന്നു മനസ്സിലായി. തുടർന്ന് രാജേഷിനൊപ്പം പഞ്ചായത്ത് അംഗം ബീനാ മോഹൻ വേലുത്തോട് വനത്തിൽ എത്തി മായയെ കൂട്ടി കൊണ്ടുവന്ന് മൂഴിയാർ പൊലീസിനു കൈമാറി. ഇരുവരെയും കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ഡിവൈഎസ്പി സജീവിന്റെ നേതൃത്വത്തിൽ മൂഴിയാർ സിഐ വി എസ്.ബിജു, എസ്ഐ.രവീന്ദ്രൻ നായർ, കൊച്ചുകോയിക്കൽ ഡപ്യൂട്ടി റേഞ്ചർ പി.കെ.മനോജ് എന്നിവർ ഉൾപ്പെടെ 20ൽ പരം ഉദ്യോഗസ്ഥർ തിരച്ചിലിൽ പങ്കെടുത്തു.

എന്നാൽ, തനിക്ക് ഇഷ്ടപ്പെടാത്ത വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്നാണ് വീട് വിട്ടിറങ്ങേണ്ടി വന്നതെന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. പ്രായപൂർത്തിയായ യുവതിയായതിനാൽ തട്ടിക്കൊണ്ടു പോയതിനു കേസും എടുക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പൊലീസ് ഇനി എന്തു നിലപാട് സ്വീകരിക്കും എന്നതാണ് അറിയേണ്ടത്.