play-sharp-fill
ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു; തെരച്ചിൽ ശക്തമാക്കി തണ്ടർബോൾട്ട്

ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു; തെരച്ചിൽ ശക്തമാക്കി തണ്ടർബോൾട്ട്


സ്വന്തം ലേഖകൻ

നിലമ്പൂർ: നിലമ്പൂരിലെ ഉൾവനങ്ങളിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തണ്ടർബോൾട്ട് ശക്തമാക്കി. ആദിവാസി കോളനികളിൽ മാവോയിസ്റ്റുകൾ തുടർച്ചയായെത്തുന്ന സാഹചര്യത്തിലാണ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ നിലമ്പൂർ അളയ്ക്കൽ ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. ആയുധങ്ങളും കൈവശം ഉണ്ടായിരുന്നു. ആദിവാസികളെ പങ്കെടുപ്പിച്ച് അര മണിക്കൂറോളം യോഗവും ഇവർ ചേർന്നു. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റിലെ കൂലി 800 രൂപയാക്കാൻ സമ്മർദ്ദം ചെലുത്തണമെന്ന് ആദിവാസികളോട് ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകൾ മടങ്ങിയത്.

നാടുകാണി ദളത്തിന്റെ പേരിലുള്ള പോസ്റ്ററുകളും പതിച്ചു. മാവോയിസ്റ്റുകളായ വിക്രം ഗൗഡ, യോഗേഷ്, രേഷ്മ എന്ന ഉണ്ണിമായ എന്നിവരാണ് എത്തിയതെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. അളയ്ക്കൽ ആദിവാസി കോളനിക്ക് അഞ്ച് കിലോമീറ്റർ അകലെയുള്ള പുഞ്ചക്കൊല്ലി കോളനിയിൽ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകളെത്തിയിരുന്നു. ഇവിടെ കടുവാ നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ക്യാമറകളും അന്ന് നഷ്ടപ്പെട്ടു. പെരിന്തൽമണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വനത്തിനുള്ളിൽ തെരച്ചിൽ തുടരുന്നത്. കരുളായി, കാളികാവ് റേഞ്ച് ഓഫീസുകൾക്ക് കീഴിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group