മാവോയിസ്റ്റെന്ന് ആരോപിച്ച് പൊലീസ് അന്യായമായി തടഞ്ഞ് വച്ച സംഭവം ; ഒരു ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം : ഹൈക്കോടതി

മാവോയിസ്റ്റെന്ന് ആരോപിച്ച് പൊലീസ് അന്യായമായി തടഞ്ഞ് വച്ച സംഭവം ; ഒരു ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം : ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: മാവോയിസ്റ്റെന്ന് സംശയിച്ച് പൊലീസ് അന്യായമായി തടഞ്ഞുവച്ചതിനെതിരെ വയനാട് വെള്ളമുണ്ട സ്വദേശി ശ്യാം ബാലകൃഷ്ണൻ നൽകിയ ഹർജിയിൽ സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകണമെന്ന സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻബെഞ്ച് ശരിവച്ചു.വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കാതെ പൊലീസ് സ്വീകരിച്ച നടപടികളെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിശിതമായി വിമർശിച്ചു. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണന്റെ മകനാണ് ഹർജിക്കാരനായ ശ്യാം.

സംഭവം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 മേയ് 20 ന് സുഹൃത്തിന്റെ ബൈക്കുമായി ജംഗ്ഷനിലേക്ക് പോയ ശ്യാമിനെ പൊലീസിലെ തണ്ടർബോൾട്ട് കമാൻഡോകൾ മാവോയിസ്റ്റെന്ന് സംശയിച്ചു പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിനിടെ വസ്ത്രമുരിഞ്ഞു പരിശോധിച്ചു. ബൈക്കിന്റെ വിവരങ്ങൾ ചോദിച്ച സംഘത്തോട് സുഹൃത്ത് തന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. അർദ്ധരാത്രി ശ്യാമിന്റെ വീട്ടിൽ റെയ്ഡ് നടത്തി. തെളിവുകളൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മോചിപ്പിച്ചു. അന്യായമായി തടവിൽ വച്ചതിനെതിരെ ശ്യാം നൽകിയ ഹർജിയിൽ നഷ്ടപരിഹാരം നൽകാൻ 2015 മേയ് 22 ന് സിംഗിൾബെഞ്ച് വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീലിൽ മാവോയിസ്റ്റാണെന്ന് സംശയിച്ചാണ് ശ്യാമിനെ പിടികൂടിയതെന്നും ദീർഘകാലത്തേക്ക് തടഞ്ഞുവച്ചില്ലെന്നും സർക്കാർ വാദിച്ചെങ്കിലും അപ്പീൽ ഡിവിഷൻബെഞ്ച് തള്ളി.

കോടതിയുടെ വിമർശനം

ഒരു രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യമാണ്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ശ്യാമിനെ തടഞ്ഞുവച്ചത്. സംശയത്തിനിട നൽകുന്ന വസ്തുതകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കാതെ ശ്യാമിനെ തടഞ്ഞുവച്ചതിനും ചോദ്യം ചെയ്തതിനും വീട്ടിൽ സെർച്ച് നടത്തിയതിനും ന്യായീകരണമില്ല. പൊലീസ് സദുദ്ദേശ്യത്തോടെ ചെയ്തതാണെങ്കിലും വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്ന മാർഗം സ്വീകരിച്ചത് ശരിയായില്ല. പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിനാണ് രാജ്യവും ഭരണഘടനയും പ്രഥമ പരിഗണന നൽകുന്നതെന്ന് സർക്കാരിനെ ബോദ്ധ്യപ്പെടുത്താനാണ് നഷ്ടപരിഹാരം. നിയമപരമായ കർത്തവ്യനിർവഹണത്തിനിടെ വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സർക്കാർ ജാഗ്രത കാട്ടണമെന്ന് ഓർമ്മപ്പെടുത്താനും മതിയായ നടപടിയാണിത്.