മാവോയിസ്റ്റ് സംഘം എത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്: വയനാട് കാട്ടിൽ ഒളിവിൽ കഴിയുന്നത് അൻപത് അംഗ സംഘം; വൻ തിരച്ചിലിനൊരുങ്ങി തണ്ടർബോൾട്ട്: ഏതു നിമിഷവും പ്രതികാര ആക്രമണം പ്രതീക്ഷിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കൽപ്പറ്റ: വയനാട് കാടുകളിൽ ഒളിവിൽ കഴിയുന്ന മാവോയിസ്റ്റ് സംഘം എത്തിയത് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തന്ത്രമൊരുക്കാനെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോർട്ട്. കേരളം , തമിഴ്നാട് , കർണ്ണാടക സംസ്ഥാനങ്ങളിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി ലക്ഷ്യമിട്ടാണ് മാവോ സംഘം എത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. തന്ത്രങ്ങൾ അടങ്ങിയ രേഖകളും ലാപ്ടോപ്പും പെൻഡ്രൈവുകളും കൈവശമുണ്ടായിരുന്നതിനാലാണ് ഇവർ തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർത്തതെന്നും വിവരം ലഭിച്ചിട്ടുണ്ട് . പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മരണത്തിൽ ഉടൻ തിരിച്ചടിയുണ്ടാകുമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ദിവസം കാട്ടിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീട് കാടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒരാൾ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്.
ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘമാണ് വെടിവെയ്പ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ റേഞ്ച് ഐജി വയനാട്ടിലെത്തി.
കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി ഇപ്പോൾ. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടർന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റിസോർട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിർദേശം നൽകിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് മാവോയിസ്റ്റ് സംഘത്തിന്റെ നീക്കങ്ങൾ അതീവ ജാഗ്രതയോടെ പൊലീസ് പിൻതുടരുന്നത്.