
എൽഐസിയുടെ ഇന്റേണൽ കംപ്ലൈന്റ്റ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വേതന വർദ്ധന 2 വർഷത്തേക്ക് തടഞ്ഞ് അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു; പരാതി നൽകിയതിൻ്റെ വിരോധത്തിൽ പിന്തുടർന്നെത്തി സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; എൽഐസി കോട്ടയം ഡിവിഷൻ ട്രെയിനിങ് സെൻ്റർ പ്രിൻസിപ്പൽ സാം മാത്യു അറസ്റ്റിൽ
മാവേലിക്കര: സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ എല്‍.ഐ.സി കോട്ടയം ഡിവിഷൻ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പലിനെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവല്ല മുത്തൂർ ഡയമണ്ട് പ്ലാസാ ഫ്ളാറ്റില്‍ സാം മാത്യു (52) വാണ് അറസ്റ്റിലായത്. 2021 ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ മാവേലിക്കര എല്‍.ഐ.സി ഓഫീസിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
മാവേലിക്കര എല്‍.ഐ.സി ഓഫീസിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എല്‍.ഐ.സിയുടെ ഇന്റേണല്‍ കംപ്ലയിൻസ് കമ്മിറ്റി അന്വേഷണം നടത്തുകയും സാം മാത്യു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വേതന വർദ്ധന രണ്ട് വർഷത്തേക്ക് തടഞ്ഞ് അച്ചടക്കനടപടി സ്വീകരിച്ചു. എന്നാല്‍, ഇതിന്റെ വിരോധത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടർന്ന് ഉപദ്രവിച്ചു. ഇതോടെ പെണ്‍കുട്ടി മാവേലിക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മാവേലിക്കര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ ഇയാള്‍ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ആലപ്പുഴ ജില്ലാ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ ഒളിവില്‍ പോയ സാം മാത്യുവിനെ ഇയാളുടെ ഇടയാറൻമുളയിലുള്ള വീട്ടില്‍ നിന്നാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാവേലിക്കര സി.ഐയുടെ ചുമതല വഹിക്കുന്ന കുറത്തികാട് സി.ഐ മോഹിത്, മാവേലിക്കര എസ്.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.