
അവൾ ജീവിച്ചിരിപ്പില്ലെന്നു തോന്നിയിരുന്നു, ജീവിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും മകനെ വന്നു കണ്ടേനെ, നാട്ടിലുള്ള ഒരു സംഘത്തിന് അനിൽ ക്വട്ടേഷന്‍ നൽകിയിരുന്നു, അറിയാവുന്ന കുട്ടിയാണെന്ന് പറഞ്ഞ് അവർ അത് ഏറ്റെടുത്തില്ല, അവളെ കൊല്ലുമെന്ന് അന്നവർ സഹോദരനു സൂചന നൽകിയിരുന്നു, അതന്ന് കാര്യമാക്കിയില്ലെന്ന് കലയുടെ ബന്ധു
മാവേലിക്കര: മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്താൻ ഭർത്താവ് അനിൽ ക്വട്ടേഷൻ നല്‍കിയിരുന്നതായി ബന്ധു. നാട്ടിലുള്ള ഒരു സംഘത്തിന് അനിൽ ക്വട്ടേഷന്‍ നൽകിയിരുന്നെന്ന് കലയുടെ സഹോദരൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ഈ സംഘം ക്വട്ടേഷൻ ഏറ്റെടുത്തില്ല. അറിയാവുന്ന കുട്ടി ആയതു കൊണ്ടാണ് ക്വട്ടേഷൻ എടുക്കാതിരുന്നതെന്ന് അവര്‍ കലയുടെ സഹോദരനോടു പറഞ്ഞിരുന്നതായും ശോഭന പറഞ്ഞു.
ഭർത്താവിന്റെ വീട്ടിൽ കലയ്ക്ക് നിരന്തരം പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നതായും ജീവിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും മകനെ കാണാൻ ഉറപ്പായും അവൾ വരുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘‘അനിലിനൊപ്പം പോകുമ്പോൾ കലയ്ക്ക് 20 വയസ്സു മാത്രമേ പ്രായം കാണൂ. പ്ലസ് ടു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഞങ്ങൾ വിവാഹം കഴിച്ചു നൽകില്ലെന്ന് അറിയിച്ചതോടെ അനിൽ കലയെ വന്നു കൊണ്ടുപോവുകയായിരുന്നു. അനിലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണു വിവാഹം നടത്തിയത്.
കുറച്ചു കാലത്തിനു ശേഷം അവർക്കു മകനുണ്ടായി. ശേഷമാണ് അനിൽ വിദേശത്തേക്കു പോയത്. ഒരു വർഷ കഴിഞ്ഞ് മടങ്ങി വന്നിട്ടാണ് സംഭവം നടക്കുന്നത്. ഇതിനിടയ്ക്ക് അനിൽ പറഞ്ഞിരുന്നു കല മറ്റൊരാളുമായി സ്നേഹത്തിലാണെന്ന്. പിന്നീട് അവളെ ഞങ്ങൾ കണ്ടിട്ടില്ല.വിവാഹശേഷവും കല വീട്ടില്‍ വരാറുണ്ടായിരുന്നു.
പ്രസവത്തിനു കൊണ്ടുപോയതും കലയുടെ അമ്മയാണ്. അനിലുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനിലിന്റെ അമ്മ എന്നും കലയുമായി ബഹളമുണ്ടാക്കുമായിരുന്നു. പക്ഷേ അച്ഛനു സ്നേഹമായിരുന്നു. അവൾ ജീവിച്ചിരിപ്പില്ലെന്നു തോന്നിയിരുന്നു.
കല ജീവിച്ചിരുന്നെങ്കിൽ ഒരിക്കലെങ്കിലും മകനെ വന്നു കണ്ടേനെ. അല്ലെങ്കില്‍ അച്ഛന്‍ മരിച്ചപ്പോൾ എത്തിയേനെ. കലയെ കാണാതായപ്പോൾ ആർക്കൊപ്പമോ പോയതാണന്നാണു കരുതിയത്. പക്ഷേ അവളുടെ അനിയന്‍ അപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു.
നാട്ടിലുള്ള ഒരു സംഘത്തിനു ക്വട്ടേഷന്‍ നൽകിയിരുന്നെന്ന് അവന്റെ അന്വേഷണത്തിൽ അറിഞ്ഞിരുന്നു. എന്നാൽ അവരാ ക്വട്ടേഷൻ ഏറ്റെടുത്തില്ല. അറിയാവുന്ന കുട്ടിയാണെന്നു പറഞ്ഞാണ് അവരത് വേണ്ടെന്നു വച്ചത്. പക്ഷേ മറ്റാർക്കെങ്കിലും ക്വട്ടേഷൻ നൽകുമെന്നും അവളെ കൊല്ലുമെന്നും അന്നവർ സഹോദരനു സൂചന നൽകിയിരുന്നു. പക്ഷേ അവനത് കാര്യമാക്കിയില്ല.’’ എന്ന് കലയുടെ അമ്മയുടെ സഹോദരി പറഞ്ഞു.