മാവേലി വരുന്നതിന് മുൻപ് തിരുട്ടു ഗ്രാമക്കാർ ഇങ്ങെത്തി ; വിദഗ്ദരായ സ്ത്രീകളും സംഘത്തിൽ ; വീടുകളുടെ പരിസരത്ത് കറങ്ങി നടക്കുന്ന പരിചയമില്ലാത്തവരെ കണ്ടാൽ ഉടൻ പൊലീസിൽ അറിയിക്കുക
സ്വന്തം ലേഖിക
തൊടുപുഴ : മാവേലി വരുന്നതിന് മുൻപേ ഓണമാഘോഷിക്കാൻ തിരുട്ടു ഗ്രാമക്കാർ കേരളത്തിൽ എത്തുന്നതായി പൊലീസിന്റെ ജാഗ്രതാ നിർദ്ദേശംനൽകിയിട്ടുണ്ട്.ഈ സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ഓണമാഘോഷിക്കാൻ നെട്ടോട്ടമോടുന്ന മലയാളികൾ പുറത്തു യാത്ര ചെയ്യുമ്പോഴും മടങ്ങുമ്പോഴും ജാഗ്രത പുലർത്തണമെന്ന് പൊലീസ് പറഞ്ഞു. ഇതേത്തുടർന്നു ജില്ലയിൽ പട്രോളിങ് ഊർജിതപ്പെടുത്തിയിട്ടുണ്ട്.
മൊബൈലിൽ സംസാരിച്ചും പാട്ടുകേട്ടും സ്വയംമറക്കുന്നവരെയാണു മോഷ്ടാക്കൾ ഉന്നംവയ്ക്കുക. പണവും മറ്റും ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ ഒളിപ്പിക്കുക. യാത്രചെയ്യുമ്പോൾ കൂടുതൽ പണം കരുതുന്നത് ഒഴിവാക്കുക. ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുടെ കോപ്പി മാത്രം ബാഗിൽ സൂക്ഷിക്കുക. അപരിചിതരുമായി ഇടപെടുന്നതു കഴിവതും ഒഴിവാക്കുക. യാത്ര ആരംഭിക്കുമ്പോഴും ഇറങ്ങുമ്പോഴും പഴ്‌സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടെന്ന് ഉറപ്പാക്കുക. തുടങ്ങിയ നിർദ്ദേശങ്ങളാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണം അവധി 8 ദിവസം, ഈ ദിവസങ്ങൾ ലക്ഷ്യമിട്ട് കള്ളന്മാർ തിരുട്ടു ഗ്രാമത്തിൽ നിന്നും എത്തും. ജില്ലയിലെ ബാങ്കുകൾക്കും, എടിഎമ്മുകൾക്കും സുരക്ഷ വർധിപ്പിച്ചു.ബാങ്കിൽ കള്ളൻ കയറിയാൽ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്ന പ്രത്യേക എമർജൻസി സംവിധാനവും ഏർപ്പെടുത്തി.
- വിജനമായ വഴിയിലൂടെ സ്ത്രീകൾ തനിച്ചു നടക്കുന്നത് കഴിവതും ഒഴിവാക്കണം.
- സന്ധ്യകഴിഞ്ഞു തനിച്ചുള്ള യാത്രകളും ഒഴിവാക്കുക.
- ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘങ്ങൾക്കു ഹെൽമറ്റ് മറയാകുന്നുണ്ട്.
- ഹെൽമറ്റ് ധരിച്ചവർ അടുത്തുവരുമ്പോൾ ശ്രദ്ധിക്കുക
- വഴി ചോദിച്ചോ പരിചയം നടിച്ചോ ആണു മിക്കപ്പോഴും മോഷ്ടാക്കൾ നമ്മുടെ അടുത്തെത്തുന്നത് കഴിയുന്നത്ര ഒഴിഞ്ഞുമാറുക. വളരെ അടുത്തെത്തിയാലേ മാല പൊട്ടിക്കാനാകൂ. സ്വർണമാല ധരിച്ചിട്ടുണ്ടെങ്കിൽ അതു വസ്ത്രം കൊണ്ടു മറച്ചു വയ്ക്കുക. മാല നഷ്ടപ്പെട്ടാൽ ബഹളംവച്ച് ആളെ കൂട്ടുക. വേഗം പൊലീസിനെ അറിയിക്കുക. മോഷ്ടാക്കളെപ്പറ്റിയുള്ള പരമാവധി സൂചനകളും നൽകുക.
കവർച്ചയ്ക്ക് പുരുഷന്മാരെ വെല്ലുന്ന വിദഗ്ദരായ വനിതകളും ഈ സംഘത്തിലുണ്ട്.
- മോടിയായി വസ്ത്രം ധരിച്ചാണ് ഇവർ എത്തുക
- അണിഞ്ഞൊരുങ്ങി നല്ല വസ്ത്രം ധരിച്ചു ബസിൽ കയറുന്ന ഇത്തരം പെൺ മോഷണ സംഘങ്ങളെ ഒറ്റനോട്ടത്തിൽ കണ്ടാൽ സംശയം തോന്നില്ല.
- ചിലപ്പോൾ ഒരേ സമയം രണ്ടു വസ്ത്രങ്ങൾ അണിഞ്ഞാവും ഇവരുടെ ഓപ്പറേഷൻ. മോഷണം നടത്തിയ ശേഷം ബസിൽനിന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഉടൻ വേഷം മാറി സ്ഥലം വിടുകയാണു പതിവ്.
- കവലകളിലും ആഭരണ ശാലകളിലും, വസ്ത്ര ശാലകളിലും, മറ്റു കച്ചവട സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഇവർ സംഘടിതമായി എത്തി ഓപ്പറേഷൻ നടത്തും.
- പോക്കറ്റടിക്കു പുറമേ ബാഗിനുള്ളിലെ പണവും കഴുത്തിലെ മാലയും ഇവർ മോഷ്ടിക്കും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇത്തരം സംഘത്തെ തിരിച്ചറിയാൻ പ്രയാസമാണെന്നു പൊലീസും പറയുന്നു.
- പരിചയം നടിച്ച് അടുത്തുകൂടി തട്ടിപ്പു നടത്തുന്നതും സംഘത്തിന്റെ രീതിയെന്നാണ് അന്വേഷണ റിപ്പർട്ട്. അടുത്തിരിക്കുന്നവരോട് പരിചയ ഭാവം നടിച്ച് സംസാരിക്കും. സാരിത്തലപ്പ്, ചുരിദാർ ഷാൾ എന്നിവ ഉപയോഗിച്ച് കൈയും ബാഗും മറയ്ക്കും. പിന്നെയാണു മോഷണത്തിന്റെ നമ്പർ ഇറക്കുക. ചിലപ്പോൾ ഉറക്കം നടിക്കും. അടുത്തിരിക്കുന്നവരുടെ ശരീരത്തിലേക്ക് മെല്ലെ ചായും. ഇതിനിടെ ഇവരുടെ കൈ സഹയാത്രികയുടെ ബാഗിനു മുകളിലെത്തും. സിപ് തുറന്ന് ഉള്ളിലുള്ള പഴ്‌സും പൊതിയും അടിച്ചു മാറ്റുകയാണു ചിലരുടെ തന്ത്രം. മോഷ്ടാക്കൾ മറുകര കടന്നു കഴിയുമ്പോൾ മാത്രമാണു പണവും സ്വർണവും നഷ്ടപ്പെട്ട വിവരം നമ്മളറിയുക.