
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് കോവിഡ് സമയത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ റെയില്‍വേ പുനഃസ്ഥാപിച്ചു തുടങ്ങി.
യാത്രക്കാരുടെ എറെ കാലത്തെ ആവശ്യമായ തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ് പുനസ്ഥാപിച്ചു. നിലവില്‍ മാവേലി എക്സ്പ്രസ് കുറ്റിപ്പുറം വിട്ടുകഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് കോഴിക്കോടാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് നിയന്ത്രണത്തിനുശേഷം ഓടിത്തുടങ്ങിയപ്പോള്‍ ഭൂരിഭാഗം ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചിരുന്നു. ഈ സ്റ്റോപ്പുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്.
അതേസമയം മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിന്റെ തിരൂര്‍ സ്റ്റോപ്പ് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു. ഇതുകൂടാതെ ഫറോക്കിലും മാവേലി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു.
മാവേലിക്ക് പുറമെ നിലമ്പൂര്‍ – കൊച്ചുവേളി – നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന്‍റെ ആലുവ സ്റ്റോപ്പും പുനസ്ഥാപിച്ചിട്ടുണ്ട്.
രാജ്യറാണിയുടെ ആലുവ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ഏറെക്കാലമായി യാത്രക്കാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. കണ്ണൂര്‍ – യെസ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസിന്(16527/16528) പരപ്പനങ്ങാടി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ബംഗളൂരു യാത്രക്കാര്‍ക്ക് ഈ ട്രെയിൻ പ്രയോജനപ്പെടും.
തിരുനെല്‍വേലി – ഗാന്ധിധാം, തിരുനെല്‍വേലി-ദാദര്‍ എന്നീ ഹംസഫര്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ഇനി മുതല്‍ കാസറഗോഡ് സ്റ്റേഷനില്‍ നിര്‍ത്തുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസിന് ചാലക്കുടി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം-മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് കണ്ണൂരിലെ ഏഴിമലയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമുവിന് തിരുനാവായയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം-എറണാകുളം എക്സ്പ്രസിന് തൃപ്പുണിത്തുറയിലും മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചതായും റെയില്‍ അറിയിച്ചു.
ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന് ചേര്‍ത്തലയില്‍ പുതിയതായി സ്റ്റോപ്പ് ഉണ്ടാകും. ആവണീശ്വരത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കുരി സ്റ്റേഷനില്‍ ഇനിമുതല്‍ മധുരൈ-പുനലൂര്‍ എക്സ്പ്രസും ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസും നിര്‍ത്തും.തിരുനെല്‍വേലി-പാലക്കാട്-തിരുവനെല്‍വേലി എക്സ്പ്രസിന് അങ്കമാലിയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റാക്കി മാറ്റാനും റെയില്‍വേ തീരുമാനിച്ചു. ഇതനുസരിച്ച് അന്തപുരി എക്സ്പ്രസിന്‍റെ ട്രെയിൻ നമ്പരിലും സമയത്തിലും മാറ്റമുണ്ട്.