
കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്.
ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്ക് എതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ സെപ്റ്റംബറിലാണ് കളമശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ പൊലീസ് പ്രവാസി യുവാവിനെതിരെ കേസ് എടുത്തത്.
ഇയാളെ ഉടൻ പിടികൂടിയില്ലെങ്കിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയിലാണ് പരാതിക്കാരി. പുനർ വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളെ ആൾ മാറാട്ടം നടത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കളമശ്ശേരി സ്വദേശിയായ യുവതി 2022ലാണ് പുനർ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. ഫഹദ് എന്ന പേരിൽ വ്യാജ മേൽവിലാസത്തിലാണ് അൻഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്.
യുവതിയെ ബന്ധപ്പെടുകയും, ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. താൻ വിവാഹ മോചിതൻ ആണെന്നും അൻഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അൻഷാദ് വിദേശത്ത് ആയതിനാൽ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. നിതയും മറ്റൊരാളും കളമശ്ശേരിയിൽ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
പിന്നീട് ബിസിനസ് തകർന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ വരാൻ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാൻ യുവാവ് ആവശ്യപ്പെട്ടത്. നാട്ടിൽ വരാൻ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ആയി ജയിലിൽ ആണെന്നാണ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്.
ഈ സമയം അൻഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടിൽ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരിൽ തന്നിരുന്ന വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അൻഷാദിന്‍റെ ഭാര്യ ആണ് നിത എന്നും ദമ്പതികൾക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ ഉണ്ടെന്നും പിന്നീട് യുവതിക്ക് ബോധ്യപ്പെട്ടു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അൻഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഭാര്യ നിത നിലവിൽ ഇടക്കാല ജാമ്യത്തിലാണ്.