
മത്തിയുടെ വളർച്ച മുരടിച്ചുവോ? ഒരുവർഷമായി കിട്ടുന്നത് ചെറിയ മത്തി: ആശങ്കയിൽ മത്സ്യ തൊഴിലാളികൾ:കാരണം തേടി വിദഗ്ധർ പഠനം ആരംഭിച്ചു.
ആറാട്ടുപുഴ: വലയിട്ടാല്‍ കിട്ടുന്നത് കൊച്ചുമത്തികള്‍ മാത്രം. കുറെ മാസങ്ങളായി ഇതുതന്നെയാണ് അവസ്ഥ. ഒരു വർഷമായി വളർച്ച മുരടിച്ച അവസ്ഥയിലാണ് മത്തി മത്സ്യം.
ജീവിതത്തില്‍ ആദ്യഅനുഭവമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുമ്പോള്‍ കാരണം തേടുകയാണ് വിദഗ്ധർ.
പത്തുമാസത്തിലേറെയായി മത്തിക്ക് പ്രകടമായ വളർച്ചയില്ല. പത്തുമാസം മുമ്പ് ലഭിച്ച 11, 12 സെന്റീമീറ്റർ വലിപ്പമുള്ള മത്തി തന്നെയാണ് മാസങ്ങള്‍ക്ക് ശേഷവും കടലില്‍നിന്ന് ലഭിക്കുന്നത്. മുമ്പ് കൊച്ചുമത്തി എത്തി ആഴ്ചകള്‍ കഴിയുമ്പോള്‍ വലിയ മത്തി വിപണിയില്‍ എത്തിത്തുടങ്ങുമായിരുന്നു. പൂർണ വളർച്ചയെത്തിയ മത്തിക്ക് 19 മുതല്‍ 20.7 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാകും. തൂക്കം ശരാശരി 150 ഗ്രാം ഉണ്ടായിരുന്നത് ഇപ്പോള്‍ കഷ്ടിച്ച് 25 ഗ്രാം വരെ മാത്രമേ ഉള്ളൂ.
വലുപ്പം കുറഞ്ഞതിനാല്‍ വിപണി മൂല്യവും കുറഞ്ഞു. ഇതോടെ മത്സ്യത്തൊഴിലാളികളും ദുരിതത്തിലായി. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ജില്ലയില്‍ പലയിടങ്ങളിലും കൊച്ചുമത്തി കരയിലേക്ക് ധാരാളമായി കയറിവന്ന അനുഭവവും ഉണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനം നടത്താൻ വിദഗ്ധർ
മത്തിയുടെ വളർച്ച മുരടിപ്പിന്റെ കാരണം കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ (സി.എം.എഫ്. ആർ.ഐ) ശാസ്ത്രജ്ഞർ നിരീക്ഷിക്കുകയാണ്. ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്നതാണോ കാലാവസ്ഥ വ്യതിയാനമാണോ കാരണമെന്ന് അറിയാനാണ് ശാസ്ത്രീയ പഠനം നടത്തുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പ്രജനനസമയം നീണ്ടുപോയതാണോ ചെറുമത്തികളെ കൂട്ടത്തോടെ കിട്ടാൻ കാരണമെന്നും പഠനം നടത്തിവരികയാണ്. ജൂണ്‍, ജൂലൈ മാസമാണ് മത്തിയുടെ പ്രജനന കാലം. മേയ് മുതല്‍ ജൂലൈ വരെ മുട്ടയിടും. മൂന്നുമാസമാണ് വളർച്ചാകാലം.
സാധാരണ ഒരു വർഷംവരെയാണ് മത്തിയുടെ ജീവിത ദൈർഘ്യം. ചിലപ്പോള്‍ രണ്ടുവർഷം വരെയും വളരും. ചൂട് കൂടുമ്പോള്‍ മുട്ട വിരിഞ്ഞെത്തുന്ന മത്തിക്കുഞ്ഞുങ്ങള്‍ പകുതിയോളം നശിക്കും. കാലാവസ്ഥ മാറ്റം മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ പൊന്തുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നവർ ഏറെയാണ്. ഇവർക്ക് ഒരു വർഷമായി കൊച്ചുമത്തി മാത്രമാണ് ലഭിക്കുന്നത്. ഇവർക്ക് കിട്ടുന്ന കുറഞ്ഞ അളവിലെ മത്തി പോലും വാങ്ങിക്കാൻ ആളില്ലാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകുന്നുണ്ട്.