ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജി വെച്ചു. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ ജനതാദൾ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് രാജി തീരുമാനം. ക്ലിഫ് ഹൗസിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിക്ക് രാജികത്ത് നൽകിയത്. വെള്ളിയാഴ്ച ബംഗ്ലരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല ചർച്ചയിലാണ് മന്ത്രിയെ മാറ്റാൻ തീരുമാനിച്ചത്. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. പുതിയ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ഉണ്ടാകുമെന്നാണ് സൂചന.
ഉപാധികൾ ഇല്ലാതെയാണ് രാജി. എംഎൽഎയായി തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. പുതിയ മന്ത്രി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ സൗകര്യം ചോദിച്ച ശേഷമായിരിക്കും തീരുമാനം. രാജിയോടനുബന്ധിച്ചു മാത്യു ടി.തോമസിന്റെയും കെ.കൃഷ്ണൻകുട്ടിയുടെയും വാക്‌പോര് ജനതാദളിലെ തർക്കം രൂക്ഷമാക്കിയിട്ടുണ്ട്.