ഒടുവിൽ മത്തായിയുടെ ആത്മാവിന് നീതി: മത്തായിയുടെ മരണത്തിലെ ദുരൂഹത സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവ്

Spread the love

തേർഡ് ഐ ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളത്തെ ഫാം ഹൗസ് ഉടമ മത്തായിയെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വച്ചു ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
ഇക്കഴിഞ്ഞ 28ന് വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയെ ദുരൂഹ സാഹചര്യത്തിൽ കുടപ്പനക്കുളത്തെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വനത്തിലെ കാമറ നശിപ്പിച്ചെന്ന് ആരോപിച്ചാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്.

തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ സമയം മത്തായിക്കെതിരെ കേസെടുക്കുകയോ കാമറ നശിപ്പിച്ചതിന് മഹസർ തയ്യാറാക്കുകയോ ചെയ്തിരുന്നില്ല. മോഷണത്തിന് പൊലീസിൽ വനപാലകർ പരാതിയും നൽകിയിരുന്നില്ല. സംഭവത്തിന് ശേഷം ഫോറസ്റ്റ് സ്റ്റേഷനിലെ ജി.ഡി കടത്തിക്കൊണ്ടുപോയി കൃത്രിമം കാട്ടാൻ വനപാലകർ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. മത്തായിയെ കസ്റ്റഡിയിലെടുത്ത ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയെന്ന് വനംവകുപ്പിന്റെയും ക്രൈബ്രാഞ്ചിന്റെയും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനപാലകർക്കെതിരെ കേസെടുക്കാമെന്ന പൊലീസ് റിപ്പോർട്ടുണ്ടായിട്ടും തുടർ നടപടി ഉണ്ടായില്ല. ഇതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ ശക്തമായ സമരം നടത്തി വരികയാണ്. മത്തായിയുടെ മരണത്തിന് കാരണക്കാരായ വനപാലകരെ അറസ്റ്റുചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. 23 ദിവസമായി മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കേസ് സി.ബി.ഐക്ക് വിട്ട സാഹചര്യത്തിൽ മൃതദേഹം ഇനിയും സൂക്ഷിക്കണോ എന്ന കാര്യത്തിൽ തീരുമാനമാനമെടുക്കുന്നതിൽ ആശയക്കുഴപ്പം. മൃതദേഹം സൂക്ഷിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു സമര രംഗത്തുള്ള രാഷ്ട്രീയ പാർട്ടികൾ. എന്നാൽ, കേസ് ഏറ്റെടുക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥൻ പറയാതെ സംസ്‌കരിക്കരുതെന്ന് മത്തായിയുടെ കുടുബത്തിന്റെ അഭിഭാഷകനായ ജോണി വടശേരിക്കര അഭിപ്രായപ്പെട്ടു. സി.ബി.ഐ കേസ് ഏറ്റെടുക്കുമ്‌ബോൾ വീണ്ടും പോസ്റ്റുമോർട്ടം വേണ്ടിവന്നേക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഓർത്തഡോക്‌സ് സഭാ പ്രതിനിധികളുമായും സമരരംഗത്തുള്ളവരുമായും ഷീബയും കുടുംബാംഗങ്ങളും കൂടിയാലോചന നടത്തി.

മത്തായിയുടെ മരണത്തിനുത്തരവാദികളായ വനപാലകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സിയും കേരളകോൺഗ്രസ് ജോസഫ് വിഭാഗവും നടത്തിവന്ന സത്യഗ്രഹ സമരങ്ങൾ അവസാനിപ്പിച്ചു. അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടതിനെ തുടർന്നാണ് സമരത്തിൽ നിന്ന് പിൻമാറിയത്. ഡി.സി.സി നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ 18 ദിവസമായി നടത്തിവന്ന റിലേ സത്യഗ്രഹിന്റെ സമാപനസമ്മേളനം കേരളകോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് ബാബുജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മത്തായിയുടെ വീട് സന്ദർശിച്ചു. റിലേ സത്യഗ്രഹം താൽക്കാലികമായി നിറുത്തിയതാണെന്നും വനപാലകരെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും ബാബുജോർജ് പറഞ്ഞു.

കേരളകോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പൊലീസ് ചീഫ് ഓഫീസിന് മുന്നിൽ പതിനെട്ടു ദിവസമായി നടത്തി വന്ന സത്യഗ്രഹ സമരം പി.ജെ.ജോസഫിന്റെ സമാപന പ്രസംഗത്തോടെ അവസാനിപ്പിച്ചു.

മത്തായിയുടെ മരണം സി.ബി.െഎ അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നതായി ഭാര്യ ഷീബ പറഞ്ഞു. കോടതിയിലും സി.ബി.ഐയിലും വിശ്വാസമുണ്ട്. നീതി ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നു. എത്രയും പെട്ടന്ന് മത്തായിയുടെ മൃതദേഹം മറവുചെയ്യാൻ അവസരമുണ്ടാകണം.