മാതാ അമൃതാനന്ദമയിയുടെ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി മോഹൻലാല്‍; ആശ്ളേഷിച്ച്‌ അനുഗ്രഹം നല്‍കി അമ്മ

Spread the love

കൊല്ലം: അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടന്ന മാതാ അമൃതാനന്ദമയിയുടെ സപ്‌തതി ആഘോഷത്തില്‍ പങ്കാളിയായി നടൻ മോഹൻലാലും.

ചടങ്ങുകള്‍ക്കായി രാവിലെ ഒൻപത് മണിയ്ക്ക് വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാലാണ് വരവേറ്റത്. ജന്മദിനാശംസകള്‍ നേര്‍ന്ന മോഹൻലാല്‍ ഹാരമര്‍പ്പിച്ച്‌ അനുഗ്രഹം വാങ്ങി. ഏറെനേരം ആഘോഷത്തില്‍ പങ്കെടുത്തതിനുശേഷമാണ് താരം മടങ്ങിയത്.

ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമവും ലളിതസഹസ്രനാമ അര്‍ച്ചനയും സത്‌സംഗവും നടന്നു. മഠം വൈസ് ചെയര്‍മാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയാണ് സത്‌സംഗം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ സംഗീത സംവിധായകൻ രാഹുല്‍ രാജിന്റെയും സംഘത്തിന്റെയും സംഗീത പരിപാടിയും ഉണ്ടായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖര്‍ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി.

ഒരു മണിക്കൂറോളം നേരം അമൃതാനന്ദമയി പ്രസംഗിച്ചു. 70 രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണില്‍ അമൃതാനന്ദമയി ചന്ദനതൈ നട്ടു. രാവിലെ 11 മണിയ്ക്ക് സാംസ്‌കാരിക സമ്മേളനം നടന്നു.

191 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഒരേസമയം 25,000ല്‍ അധികം പേര്‍ക്ക് ഇരുന്ന് കാണാവുന്ന സൗകര്യം ഒരുക്കിയിരുന്നു. സമൂഹവിവാഹം, വസ്ത്രവിതരണം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. സുരക്ഷാമുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഡിഐജി ആര്‍ നിശാന്തിനി, സിറ്റി പൊലീസ് കമ്മിഷണര്‍ മെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്‌ച പൊലീസ് സംഘം യോഗം ചേര്‍ന്നിരുന്നു.