മറ്റക്കര സെന്‍റ് ആന്‍റണീസ് എല്‍പി സ്‌കൂളിലെ കുട്ടിക്കര്‍ഷകരുടെ ജൈവ കൃഷിത്തോട്ടം നാടിന് മാതൃകയായി: ഉച്ചക്കഞ്ഞിക്കിവിടെ സ്വന്തം പച്ചക്കറി മാത്രം:വളമിടുന്നതും കളപറിക്കുന്നതും കുട്ടികൾ: വ്യക്തി ജീവിതത്തിലും കുട്ടികളിൽ മുന്നേറ്റം

Spread the love

മറ്റക്കര: സെന്‍റ് ആന്‍റണീസ് എല്‍പി സ്‌കൂളിലെ കുട്ടിക്കര്‍ഷകര്‍ സ്‌കൂളിന്‍റെ പരിസരത്ത് ഒരേക്കറില്‍ ചെയ്ത ജൈവ കൃഷിത്തോട്ടവും പൂന്തോട്ടവും നാടിനു മാതൃകയാകുന്നു.

സ്‌കൂളിലെ പ്രഥമാധ്യാപകനായ സജിമോന്‍ സാറിന്‍റെ സ്വപ്‌നസാഫല്യമാണ് കൃഷിത്തോട്ടം. അഞ്ചു വര്‍ഷം മുമ്പ് സ്‌കൂളില്‍ പ്രഥമാധ്യാപകനായി ചാര്‍ജെ‌ടുത്ത അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം നാഗമറ്റത്ത് സജിമോന്‍ ജോസഫിന് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കുട്ടികള്‍ക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം വിഷരഹിതമായ പച്ചക്കറികള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്നതായിരിക്കണം.

സ്‌കൂളിനോടു ചേര്‍ന്നുള്ള അല്പം സ്ഥലത്ത് ചെറിയ രീതിയില്‍ കൃഷി തുടങ്ങിയെങ്കിലും ആവശ്യത്തിന് തികഞ്ഞിരുന്നില്ല. ഇതു മനസിലാക്കിയ എഫ്സി കോണ്‍വെന്‍റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സെലിന്‍ സ്‌കൂളിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലം കുട്ടികള്‍ക്ക് കൃഷിക്കായി വിട്ടുകൊടുക്കുകയായിരുന്നു. ഇപ്പോഴത്തെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷാലറ്റും ആവശ്യമായ സഹായങ്ങള്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി കുട്ടികളില്‍ കാര്‍ഷികാഭിരുചി വളര്‍ത്തുന്നതിനായി രൂപീകരിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയും സ്‌കൂള്‍ ഏറ്റെടുത്തത് കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ സഹായകരമായി.

പാവല്‍, പടവലം, തക്കാളി, കോവല്‍, പയര്‍, കുക്കുമ്പര്‍, വെണ്ട, വഴുതന, വിവിധ തരം മുളകുകള്‍, വിവിധ തരം ചീരകള്‍, ചേന, വിവിധ തരം ചേമ്പുകള്‍, കാച്ചില്‍, മത്തന്‍, വെള്ളരി, കുമ്പളം, ഇവ കൂടാതെ വിവിധയിനം പപ്പായ, നാരകം തുടങ്ങിയവയും കൃഷി ചെയ്തുവരുന്നു. ഓരോ ദിവസത്തെയും കൃഷിപ്പണികള്‍ ചെയ്യാന്‍ കാര്‍ഷിക ക്ലബുകള്‍ രൂപീകരിച്ചിട്ടുണ്ട്.

എല്ലാ ദിവസവും വൈകുന്നേരം സ്‌കൂള്‍ വിട്ടശേഷം കുട്ടികള്‍ വണ്ടി കാത്തിരിക്കുന്ന സമയമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. വളമിടുന്നതും, വെള്ളമൊഴിക്കുന്നതും, കീടങ്ങളെ തുരത്തുന്നതും കുട്ടികള്‍ തന്നെ. കുട്ടികള്‍ കൃഷിയിലേക്ക് ഇറങ്ങിയ ശേഷം വളരെയധികം മാറ്റങ്ങള്‍ അവരുടെ വൃക്തി ജീവിതത്തില്‍ വന്നതായി അധ്യാപകരും രക്ഷിതാക്കളും‍ പറയുന്നു.

എഫ്സി കോണ്‍വെന്‍റില്‍നിന്നു ലഭിക്കുന്ന ചാണകവും സജിമോന്‍ സാർ സ്വന്തമായി വികസിപ്പിച്ച ജൈവ കമ്പോസ്റ്റു സംവിധാനത്തില്‍നിന്നു ലഭിക്കുന്ന വളവുമാണ് ചെടികള്‍ക്കായി ഉപയോഗിക്കുന്നത്. പച്ചക്കറി കൃഷിയില്‍ നൂറുമേനി നേടിയതൊടെ മീന്‍ വളര്‍ത്തലും തേനീച്ചവളര്‍ത്തലും കോഴിവളര്‍ത്തലും കൂടി സ്‌കൂളില്‍ തുടങ്ങിയിട്ടുണ്ട്.

കൃഷിയില്‍ കുട്ടികളെ സഹായിക്കാന്‍ അധ്യാപകരായ ജോയല്‍ ബിജു, സിജാ ഷാജി, ജെ. ജോബി, നൈസി മോള്‍ ജോസഫ്, പിടിഎ പ്രസിഡന്‍റ് റ്റിസ് ജോസ് വയലുങ്കല്‍, എംപിടിഎ പ്രസിഡന്‍റ് അശ്വതി അനു, വാര്‍ഡ് മെംബര്‍ ജാന്‍സി ബാബു തുടങ്ങിയവര്‍ എപ്പോഴുമുണ്ട്. അകലക്കുന്നം കൃഷിഭവനും കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രന്‍റെ നേതൃത്വത്തില്‍ കൃഷിക്ക് എല്ലാ സഹായവും നല്‍കുന്നു.