കോട്ടയം- പത്തനംതിട്ട ജില്ലകളിലെ പ്രധാന ടൗണുകളില്‍ വൻ നിരോധിതപുകയില ഉല്‍പ്പന്നവേട്ട ; സ്കൂള്‍- കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വിൽപ്പന ; ലഹരി ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായ ചങ്ങനാശ്ശേരി സ്വദേശി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ ; പിടിച്ചെടുത്തത് 52,052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ
സ്വന്തം ലേഖകൻ
മല്ലപ്പള്ളി : വൻ നിരോധിതപുകയില ഉല്‍പ്പന്നവേട്ടയില്‍ യു.പി സ്വദേശി ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായി. മല്ലപ്പള്ളി ടൗണില്‍ ചന്ത റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഗോരഖ്പൂർ മെഹരിപ്പൂർ പോസ്റ്റില്‍ 51 ജംഗല്‍ബനി രാജേഷ് സോങ്കറാണ് (28) വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ആദ്യം പിടിയിലായത്.
ഇയാള്‍ മുറിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 52,052 രൂപ വിലവരുന്ന 603 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. രാജേഷ് സോങ്കർ മല്ലപ്പള്ളി ടൗണില്‍ പുകയില പാൻമസാല കച്ചവടക്കാരനാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍, ഇവ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ബിജുക്കുട്ടൻ എന്ന് വിളിക്കുന്ന ആനിക്കാട് വായ്പൂര് ചക്കാലക്കുന്ന് വടക്കടത്ത് വീട്ടില്‍ ബിജു ജോസഫിനെ (47) പിന്നീട് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉല്‍പ്പന്നങ്ങള്‍ കാറില്‍ എത്തിച്ചുകൊടുത്ത ലഹരി ഉല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനെന്ന് കരുതുന്ന ചങ്ങനാശ്ശേരി അപ്സര തിയറ്ററിന് സമീപം പെരുന്ന പുതുപ്പറമ്ബില്‍ വീട്ടില്‍ ഷെമീർ ഖാൻ (35) തുടർന്ന് അറസ്റ്റിലായി. രണ്ടും മൂന്നും പ്രതികളാണ് രാജേഷിന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്.ഷെമീറിന്റെ മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ, ജില്ല പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍, ഇയാള്‍ കോഴഞ്ചേരി ഇലവുംതിട്ട റോഡില്‍ കാറില്‍ സഞ്ചരിക്കുന്നതായി വ്യക്തമായി. പൊലീസിന്റെ അതിവേഗനീക്കത്തില്‍ ഇലവുംതിട്ടക്ക് സമീപം ഇയാള്‍ യാത്ര ചെയ്തിരുന്ന ഇന്നോവ കാർ തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനവും പിടിച്ചെടുത്തു.
ഷെമീർ ഖാൻ കോട്ടയം- പത്തനംതിട്ട ജില്ലകളിലെ പ്രധാന ടൗണുകളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപാരത്തിനായി എത്തിച്ചു കൊടുക്കുന്ന ആളാണ്. ഓണക്കാലത്ത് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷൻ കേന്ദീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്തുസംഘം സ്കൂള്‍- കോളജ് വിദ്യാർഥികള്‍ക്കായി മല്ലപ്പള്ളി, കുന്നന്താനം, വായ്പൂര് പ്രദേശങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് മല്ലപ്പള്ളി ടൗണിലെ പ്രധാന സ്ഥലങ്ങളില്‍ പൊലീസ് പരിശോധനകള്‍ ഊർജ്ജിതമാക്കിയിരുന്നു. ഇന്നോവ കാർ സംശയകരമായ രീതിയില്‍ മാർക്കറ്റ് ഭാഗത്ത് കണ്ട വിവരം നാട്ടുകാർ അറിയിച്ച പ്രകാരം പൊലീസ് നടത്തിയ നീക്കമാണ് ഫലം കണ്ടത്. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തില്‍, പാൻമസാല കച്ചവടം നടത്തുന്ന രാജേഷ് സോങ്കറിന്‍റെ മുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.
മല്ലപ്പള്ളി, കുന്നന്താനം പാമല എന്നിവടങ്ങളിലെ അതിഥി തൊഴിലാളികള്‍ക്കും, ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതെന്ന് വ്യക്തമായി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പൊലീസ് സംഘത്തില്‍ എസ്.ഐ സതീഷ് ശേഖർ, എസ്.സി.പി.ഒ അൻസിം, സി.പി.ഒമാരായ ഒലിവർ വർഗീസ്, വിഷ്ണുദേവ്, ഉണ്ണികൃഷ്ണൻ, അമല്‍, അനസ് എന്നിവരാണുണ്ടായിരുന്നത്.