
പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ് 1000 കോടി കടക്കുമെന്ന് പൊലീസ്; ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപ; വിവിധ സംഘടനകളുടെ പിന്‍ബലത്തോടെ ഏകദേശം രണ്ട് ലക്ഷത്തോളം പേരില്‍നിന്ന് പണം സമാഹരിച്ചതായി സൂചന; കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
കൊച്ചി: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് നടത്തിയ സാമ്പത്തികത്തട്ടിപ്പില്‍ കൈമറിഞ്ഞത് 1000 കോടിക്കുമേല്‍. വിവിധ സംഘടനകളുടെ പിന്‍ബലത്തോടെ ഏകദേശം രണ്ട് ലക്ഷത്തോളം പേരില്‍നിന്ന് പണം സമാഹരിച്ചതായാണ് സൂചന.
കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതിനുള്ള ശുപാര്‍ശ പോലീസ് മേധാവിയുടെ പരിഗണനയിലുണ്ട്. മുഖ്യപ്രതി ഇടുക്കി തൊടുപുഴ കുടയത്തൂര്‍ കോളപ്ര ചൂരകുളങ്ങര വീട്ടില്‍ അനന്തു കൃഷ്ണനെ (27) അറസ്റ്റുചെയ്ത മൂവാറ്റുപുഴ പോലീസ് ഇതിനോടകം 450 കോടിയുടെ ബാങ്ക് വിനിയമം പരിശോധിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷംകൊണ്ട് അനന്തു കൃഷ്ണന്റെ മൂന്ന് കമ്പനി അക്കൗണ്ടുകളിലൂടെ കടന്നുപോയ തുകയാണിത്. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇതിന്റെ കോഡിനേറ്ററാണ് അനന്തു കൃഷ്ണന്‍. എറണാകുളത്ത് മാത്രം 5000 പേരിലേറെയാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് മൂവാറ്റുപുഴയിലും കോതമംഗലത്തുമായി നാല് സംഘടനകള്‍ പരാതി നല്‍കി. വയനാട്ടില്‍ 1200-ഓളം പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് വിവരം. മാനന്തവാടി താലൂക്കില്‍ 200 പേര്‍ പരാതിനല്‍കി. കണ്ണൂരില്‍ ഒരു കേസില്‍ 350 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. മൂന്നുകോടിയാണ് ഇവര്‍ക്ക് നഷ്ടം.
പാലക്കാട് രണ്ട് കേസുകളിലായി 519 പരാതിക്കാരാണ് നിലവിലുള്ളത്. ആലപ്പുഴയില്‍ മൂന്ന് കേസുകളിലായി 500 പേര്‍ പരാതി നല്‍കി. കോട്ടയത്ത് ഒരു പരാതിയാണ് വന്നത്. ഇടുക്കിയില്‍ വിവിധ സ്റ്റേഷനുകളിലായി 18 കേസുകളും 303 പരാതികളുമുണ്ട്. കോഴിക്കോട് 98 ആളുകളില്‍ നിന്നായി 72,51300 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്.
മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ പണമടച്ച് കാത്തിരിക്കുന്നവരുണ്ടെങ്കിലും പരാതിയിലേക്ക് കടന്നിട്ടില്ല. അതേസമയം, അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അനന്തു രൂപം മാറ്റിയത്. തല മൊട്ടയടിച്ചും മീശ വടിച്ചുമാണ് ആളുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ അനന്തു രൂപം മാറ്റിയത്. പൊലീസ് സ്റ്റേഷനില്‍ പ്രതിയെ നേരില്‍ കണ്ട പ്രമോട്ടര്‍മാര്‍ക്ക് പോലും അനന്തുവിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.