
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ : മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിൽ, 4 ദിവസത്തിലേറെ പഴക്കം ; അമ്മയുടെ മൃതദേഹം പുതപ്പു കൊണ്ട് മൂടി പൂക്കൾ വർഷിച്ച രീതിയിൽ ; അവധി കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കാത്തതിൽ സംശയം ; വിവാഹിതരായ സഹോദരങ്ങൾ മാതാവ് മരിച്ചതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്തതാണോ? ഇവരെ എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ… ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിൽ പൊലീസ്
കൊച്ചി : കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ കൂട്ട ആത്മഹത്യയെന്ന് സംശയം. കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ തുടങ്ങിയവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114–ാം നമ്പർ വീട്ടിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
42 വയസുള്ള മനീഷ് വിജയ്‌യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലും 35 വയസുള്ള സഹോദരിയുടേത് വീടിന്റെ പിന്‍ഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലുമായിരുന്നു. 80 വയസിനോടടുത്ത് പ്രായമുള്ള മാതാവ് ശകുന്തള അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പു കൊണ്ട് മൂടി മൃതദേഹത്തിൽ പൂക്കൾ വർഷിച്ച രീതിയിൽ. മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ജീവിതത്തിലെ ചില നൈരാശ്യങ്ങൾ മൂലം’ മനീഷും മറ്റുള്ളവവരും ജീവനൊടുക്കി എന്ന നിലയിലാണ് തൃക്കാക്കര പൊലീസ് തയാറാക്കിയ എഫ്ഐആറിൽ പറയുന്നത്. എന്നാൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇതിലുണ്ട്.
വിവാഹിതരായ സഹോദരങ്ങൾ മാതാവ് മരിച്ചതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്തതാണോ? ഇവരെ എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ഇനി അന്വേഷിക്കുക. മാതാവ് കോളജ് അധ്യാപികയും ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിൽ നിന്ന് ഉയർന്ന റാങ്കിൽ വിജയിച്ച ആളുമാണ് എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മനീഷ് ഏറെക്കാലമായി കൊച്ചിയിലും കോഴിക്കോടും കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള ആളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര വർഷം മുമ്പാണ് കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തിയത്. അമ്മയും സഹോദരിയും എത്തിയത് നാലു മാസം മുമ്പും. സാധാരണ രാവിലെ മനീഷിനെ ഓഫിസിൽ നിന്ന് കാർ വന്ന് കൊണ്ടു പോവുകയാണ് പതിവ്. വൈകിട്ടോടെ തിരിച്ചുമെത്തും. സഹോദരിക്കോ അമ്മയ്‌ക്കോ അവിടുത്തെ മറ്റു വീട്ടുകാരുമായി കാര്യമായി ബന്ധവുമില്ല. അമ്മ ഇടയ്ക്കിടെ പുറത്തെ കസേരയിൽ വന്നിരിക്കാറുണ്ട് എന്ന് സമീപവാസികൾ പറയുന്നു. ഏറെക്കുറെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നതും എന്നതു കൊണ്ടു തന്നെ മരിച്ച വിവരം പോലും ഈ ദിവസങ്ങളിൽ ആരുമറിഞ്ഞില്ല.
സമീപത്ത് കളിക്കാൻ എത്തിയ കുട്ടികൾ വീടിനു സമീപത്തു നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ഇവിടെ വന്നു നോക്കിയിരുന്നു. എന്നാല്‍ പൂർണമായും അടച്ചിട്ട നിലയിലായിരുന്നു വീട്. അതിനാൽ തന്നെ ക്വാർട്ടേഴ്സിനടുത്തുള്ള മാലിന്യക്കൂനയിൽ നിന്നുള്ള ദുർഗന്ധമായിരിക്കും എന്നാണ് ഇവർ കരുതിയത്. ഒരാഴ്ചയായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുടെ ആവശ്യാർഥം നാട്ടിലേക്ക് പോകുന്നു എന്നായിരുന്നു മനീഷ് പറഞ്ഞത്. പിന്നീട് 10 ദിവസത്തിനൊടുവിലാണ് മൂന്നു പേരുടേയും മൃതദേഹം കണ്ടെടുക്കുന്നത്. അതാകട്ടെ, ഒരാഴ്ചത്തെ അവധിക്ക് പോയ ആള്‍ തിരിച്ചു വരാതിരിക്കുകയും മൊബൈലിൽ ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ സഹപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു വന്നപ്പോഴാണ്.
ഇവരുടെ ഒരു സഹോദരി വിദേശത്തുണ്ടെന്നാണ് കരുതുന്നത്. ഇവരെ വിവരം അറിയിക്കണമെന്ന് മനീഷിന്റെ ഡയറിയിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം. അതേസമയം, അമ്മയുടെ മരണം എങ്ങനെയാണ് സംഭവിച്ചത് എന്ന കാര്യമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. സഹോദരിയുടെ ജാർഖണ്ഡ് പിഎസ‌്‌സി നിയമനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും. അമ്മയുടെ മരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കാൻ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പുറത്തുവരും വരെ കാത്തിരിക്കേണ്ടിവരും.
സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ആത്മഹത്യയാണെങ്കിൽ എന്താണ് അവരെ ഇതിലേക്കു നയിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സഹോദരിയുടെ ആവശ്യാർഥം മനീഷ് ജാർഖണ്ഡിലേക്ക് പോയിരുന്നില്ല എന്നും വിവരമുണ്ട്. എന്താണ് ഇവരെ സംബന്ധിച്ച ദുരൂഹതകൾ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 4–5 ദിവസത്തെയെങ്കിലും പഴക്കം മൃതദേഹത്തിന് ഉണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.