മാസപ്പടി കേസ്; വീണക്കെതിരായ തെളിവുകള്‍ വിലയിരുത്തി ഇഡി; കള്ളപണ നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് റിപ്പോർട്ട്‌

Spread the love

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണക്കെതിരായ തെളിവുകള്‍ വിലയിരുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കള്ളപണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് വിലയിരുത്തല്‍.

അതേസമയം, എസ്‌എഫ്‌ഐഒ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കാൻ ഇഡി ഡയറക്ടറുടെ അനുമതി ലഭിച്ചു. എസ്‌എഫ്‌ഐഒ കുറ്റപത്രം നല്‍കിയതിനെതിരെ സിഎംആർഎല്‍ നല്‍കിയ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയും നീക്കം ശക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ തായ്ക്കണ്ടിക്കെതിരായ കേസില്‍ കൂടുതല്‍ കേന്ദ്ര ഏജൻസികള്‍ നീക്കം ശക്തമാക്കുകയാണ്. ഇഡി നേരത്തെ ഈ വിഷയത്തില്‍ പരിശോധന നടത്തിയിരുന്നു. വീണയുടെ കമ്ബനിക്ക് യുഎഇയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അമേരിക്കയില്‍ നിന്നടക്കം ഇതിലേക്ക് പണം വരുന്നെന്നും കാണിച്ച്‌ ഷോണ്‍ ജോർജ് ഇഡിക്ക് പരാതി നല്കിയിരുന്നു. സിഎംആർഎല്‍ ഉദ്യോഗസ്ഥർക്ക് ഇഡി നോട്ടീസും നല്‍കിയിരുന്നു. എസ്‌എഫ്‌ഐഒ അന്വേഷണം കഴിയും വരെ കാത്തിരിക്കാനാണ് പിന്നീട് ഇഡി തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എഫ്‌ഐഒ ശേഖരിച്ച രേഖകളും കുറ്റപത്രത്തിൻ്റെ വിശദാംശവും ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. കള്ളപ്പണ നിരോധന നിയമത്തിൻ്റെ പരിധിയില്‍ ഇക്കാര്യം വരും എന്നാണ് ഇഡി നിഗമനം ഇഡി ഡയറക്ടര്‍ അടക്കമുള്ളവർ വിഷയം പരിശോധിച്ച്‌ പുതിയ കേസെടുത്ത് അന്വേഷിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്.

വീണയെ ചോദ്യം ചെയ്യുന്നത് അടക്കം ആലോചനയിലുണ്ടെന്നും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിനെതിരെ സിഎംആർഎല്‍ നല്‍കിയ ഹർജിയില്‍ ദില്ലി ഹൈക്കോടതി എടുക്കുന്ന നിലപാട് ഇഡിയുടെ നീക്കങ്ങള്‍ക്കും ബാധകമാകും. കോടതി വാക്കാല്‍ നല്‍കിയ നിർദ്ദേശം എസ്‌എഫ്‌ഐഒ മറികടന്നു എന്നാണ് സിഎംആർ ആരോപണം. കേസെടുക്കാനുള്ള തെളിവുണ്ടെന്ന് ഇഡി കൂടി കണ്ടെത്തിയതോടെ മാസപ്പടി കേസില്‍ വരും നാളുകളില്‍ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കുന്ന വലിയ നീക്കങ്ങള്‍ക്ക് സാധ്യതയേറുകയാണ്.