സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ വാഹനമേഖല : മാരുതി 3,000 കരാർ ജീവനക്കാരെ പിരിച്ചു വിട്ടു ; ഏപ്രിൽ മുതൽ മൂന്നരലക്ഷം പേർക്ക് പണി പോയി
സ്വന്തം ലേഖിക
ന്യൂഡൽഹി: രാജ്യം സാമ്പത്തീക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആദ്യം തിരിച്ചടി നേരിട്ട വാഹനമേഖലയിൽ അനേകർക്ക് തൊഴിൽ നഷ്ടം. വാഹന വിപണി നഷ്ടത്തിലായതിനെ തുടർന്ന് മാരുതി സുസുക്കി കമ്പനിയിൽ പണിയില്ലാതായത് 3,000 പേർക്ക്. താൽക്കാലിക ജീവനക്കാരായിരുന്ന ഇവരുടെ കരാറുകൾ പുതുക്കേണ്ടെന്ന് കമ്പനി തീരുമാനം എടുത്തിരിക്കുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങൾക്ക് പുറമേ ഉയർന്ന നികുതിയും കാർ നിർമ്മാണ ചെലവ് താങ്ങാൻ കഴിയാത്ത നിലയിലേക്ക് ഉയർന്നിരിക്കുകയാണെന്നാണ് കമ്പനിയുടെ പക്ഷം. വൻ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന വാഹന വിപണി ജൂലൈയിൽ കാണിച്ചത് നഷ്ടക്കണക്കുകളുടെ ഒമ്പതാം മാസമാണ്. നിർമ്മാണ ചെലവ് കൂടിയതും വിൽപ്പന മുരടിച്ചരിക്കുന്നതുമായ സാഹചര്യത്തിൽ മാരുതി സുസുക്കിയെ പോലെ അനേകം കാർ കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറച്ചിരിക്കുകയാണ്. വിപണിയിൽ പുതിയ മാനദണ്ഡങ്ങൾ വരുന്നതോടെ പ്രകൃതി വാതകങ്ങൾ ഉപയോഗിക്കപ്പെടുന്നതും ഹൈബ്രിഡുമായ കാറുകളുടെ നിർമ്മാണത്തിലേക്ക് തിരിയുകയാണ് കമ്പനികൾ. ഈ വർഷം 50 ശതമാനം നിർമ്മാണവും സിഎൻജി വിഭാഗത്തിലെ കാറുകളാക്കി മാറ്റാനുള്ള ആലോചനയിലാണ് മാരുതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹന വിപണി വലിയ പ്രതിസന്ധി നേരിടുകയാണെന്ന ഈ മാസം ആദ്യം പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. മിക്ക കമ്പനികളും തങ്ങളുടെ ഫാക്ടറികൾ അടച്ചുപൂട്ടാനും ഷിഫ്റ്റുകൾ കുറയ്ക്കാനും നിർബ്ബന്ധിതമായിരിക്കുന്നതായി പല റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. റോയിട്ടേഴ്സ് പോലെയുള്ള അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളുടെ കണക്കുകൾ പ്രകാരം വാഹനം, സ്പെയർ പാർട്സുകൾ, വിൽപ്പനക്കാർ എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതിനെ തുടർന്ന് ഏപ്രിൽ മുതലിങ്ങോട്ട് 3,50,000 പേർക്കാണ് തൊഴിൽ നഷ്ടമായത്.
നേരത്തേ കാർ, മോട്ടോർസൈക്കിൾ നിർമ്മാണ മേഖലയിൽ 15,000 പേർക്കും ഉപകരണ നിർമ്മാണ മേഖലയിൽ ഒരു ലക്ഷം പേർക്കും തൊഴിൽ നഷ്ടമായതിന്റെ റിപ്പോർട്ട് ചെയ്യപ്പെടാത്ത കണക്കുമുണ്ട്. ഷോറൂമുകളും മറ്റും അടച്ചു പൂട്ടേണ്ട സ്ഥിതിയിൽ ഡീലർമാരുടെ പക്ഷത്തും അനേകർക്ക് ജോലി പോയിട്ടുണ്ട്. വാഹന കമ്പനികൾ പ്രധാനമായും വെട്ടിക്കുറയ്ക്കുന്നത് താൽക്കാലിക, കരാർ ജീവനക്കാരെയാണ്. ഇന്ത്യൻ ഓട്ടോ വിപണിയുടെ ഏറ്റവും മോശമായ കാലം എന്നാണ് എക്സിക്യുട്ടീവുകളും നിലവിലെ സ്ഥിതിയെ വിശേഷിപ്പിക്കുന്നത്.
തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയിൽ രണ്ടാം ഇന്നിംഗ്സ് തുറന്നിരിക്കുന്ന നരേന്ദ്രമോഡി സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കും. ജാപ്പനീസ് മോട്ടോർ സൈക്കിൾ നിർമ്മാതാക്കളായ യെമഹാ മോട്ടോഴ്സിനും ആന്റ് ഓട്ടോ കംപോണന്റ് നിർമ്മാതാക്കളായ ഫ്രഞ്ച് കമ്ബനി വാലിയോ, സുബ്രോസ് എന്നിവർ വിപണി മോശമായതിനെ തുടർന്ന് പിരിച്ചു വിട്ടത് 1,700 പേരെയാണ്. ജപ്പാനിലെ ഡെൻസോ കോർപ്പ്, സുസുക്കി മോട്ടോർ കോർപ്പ് എന്നിവർ 800 പേരെ പിരിച്ചു വിട്ടിരുന്നു. ഇന്ത്യൻ സ്പെയർപാർട്സ് നിർമ്മാതാക്കളായ വീ ജി കൗശിക്കോ 500 പേരെ കുറച്ചു. ഓട്ടോ മോട്ടീവ് വിതരണക്കാരായ വീൽസ് ഇന്ത്യയും താൽക്കാലിക ജീവനക്കാരിൽ നിന്നും 800 പേരെ കുറച്ചിട്ടുണ്ട്.
ഇന്ത്യൻ ആഭ്യന്തരോൽപ്പാദനത്തിന്റെ ഏഴ് ശതമാനം വഹിക്കുന്ന വാഹന വിപണി ഏറ്റവും മോശമായ നിലയിലേക്കാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ 15 ലധികം വരുന്ന വാഹന നിർമ്മാതാക്കളിലെ ഏഴു ശതമാനത്തോളം താൽക്കാലിക ജീവനക്കാർക്ക് ജോലി നഷ്ടമായി കഴിഞ്ഞു. ആഗസ്റ്റ് ആദ്യം ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ രണ്ടാഴ്ചയോളം ടാറ്റാ മോട്ടോഴ്സിന് നാലു പ്ളാന്റുകൾ അടച്ചിടേണ്ടി വന്നു. ഏപ്രിലിനും ജൂണിനും ഇടയിൽ അഞ്ചു മുതൽ 13 ദിവസത്തോളം വിവിധ പ്ളാന്റുകളിൽ നിർമ്മാണം നടന്നില്ലെന്ന് മഹീന്ദ്രയും വ്യക്തമാക്കിയിരുന്നു.