വിവാഹ രാത്രിയിൽ വധുവിന്റെ 30 പവനും 2.75 ലക്ഷവുമായി മുങ്ങിയത് ആദ്യഭാര്യയുടെ അടുത്തേക്ക്; ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്ന് കള്ളം പറഞ്ഞ് വധുവിന്റെ വീട്ടിൽ നിന്ന് കടന്ന വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ

വിവാഹ രാത്രിയിൽ വധുവിന്റെ 30 പവനും 2.75 ലക്ഷവുമായി മുങ്ങിയത് ആദ്യഭാര്യയുടെ അടുത്തേക്ക്; ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്ന് കള്ളം പറഞ്ഞ് വധുവിന്റെ വീട്ടിൽ നിന്ന് കടന്ന വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ
അടൂർ ∙ വിവാഹ രാത്രിയിൽ വധുവിന്റെ വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണവും 2.75 ലക്ഷം രൂപയുമായി കടന്നെന്ന കേസിൽ വരനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം എംഎസ് എച്ച്എസ്എസിനു സമീപം തെക്കേടത്ത്തറയിൽ അസറുദ്ദീൻ റഷീദ് (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 30ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. അന്നു വധുവിന്റെ വീട്ടിലാണ് കഴിഞ്ഞത്. 31ന് പുലർച്ചെ 3ന് ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്നറിയിച്ച് ഫോൺ വന്നെന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കാൻ താൻ പോകുകയാണെന്നും പറഞ്ഞ് അസറുദ്ദീൻ വീട്ടിൽനിന്നിറങ്ങുകയായിരുന്നു.

കുറച്ചു കഴിഞ്ഞ് വധുവിന്റെ വീട്ടുകാർ ഇയാളെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച്ഡ് ഓഫായിരുന്നു. സംശയം തോന്നിയ വധുവിന്റെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണവും സംഭാവനയായി ലഭിച്ച പണവുമായാണ് അസറുദ്ദീൻ പോയതെന്ന് മനസ്സിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ച ശേഷം അടൂർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ നേരത്തെ ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നാതായി കണ്ടെത്തി. ആദ്യ ഭാര്യയുടെ ചേപ്പാട്ടെ വീട്ടിൽ അസറുദ്ദീൻ ഉള്ളതായും വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡിവൈഎസ്പി ആർ.ബിനു, ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ്, എസ്ഐ വിമൽ രംഗനാഥ്, സിവിൽ പൊലീസ് ഓഫിസർമാരായ സോളമൻ ഡേവിഡ്, സൂരജ് അമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. അസറുദ്ദീനെ സ്റ്റേഷനിൽ വച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 4 പേർക്കെതിരെ പൊലീസ് കേസെടുത്തു.