
വിവാഹ വാഗ്ദാനം നല്‍കി പീഡനം; വിദേശത്ത് പോകാന്‍ യുവതിയുടെ കുടുംബത്തിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തു; മറ്റൊരു യുവതിയുമായി നിശ്ചയവും നടത്തി ; യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ
അടിമാലി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായുള്ള പരാതിയില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം സ്വദേശിനി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി ആനവിരട്ടി പ്ലാമൂട്ടില്‍ ബേസിലി(32)നെയാണ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യവെയാണ് പ്രതി അവിടെവച്ച് യുവതിയുമായി പ്രണയത്തിലാകുന്നത്. ഏതാനും നാള്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഇയാള്‍ക്ക് യു.കെ.യില്‍ ജോലി കിട്ടി. ഇതിന്റെ ചെലവിനായി 35 ലക്ഷം രൂപ യുവതിയോടും ഇവരുടെ വീട്ടുകാരോടും വാങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്ത് എത്തിയതോടെ പ്രതി യുവതിയേയും അവരുടെ കുടുംബത്തേയും ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായി. ഇതിനിടെ മൂവാറ്റുപുഴ സ്വദേശിനിയുമായി വിവാഹവും ഉറപ്പിച്ചു. ഇതിനായി ബേസില്‍ അടുത്തയിടെ രഹസ്യമായി കേരളത്തില്‍ എത്തി.
കഴിഞ്ഞയാഴ്ച മുവാറ്റുപുഴയില്‍ മനസമ്മതം നടന്നു. അടുത്തയാഴ്ച അടിമാലിയില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹവിവരം യുവതി അറിയുകയും വ്യാഴാഴ്ച രാത്രി യുവതി അടിമാലിയില്‍ എത്തി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.