
താലികെട്ടിന് ശേഷം കാമുകനൊപ്പം ഒളിച്ചോടിയ വധുവും കാമുകനും റിമാൻഡിൽ ; വിശ്വാസ വഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു
സ്വന്തം ലേഖകൻ
കോഴിക്കോട്: താലികെട്ടും വിവാഹസദ്യയും കഴിച്ച ശേഷം ഡ്രസ്സ് മാറാൻ പോയ വധു കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ വധുവിനെയും കാമുകനെയും കൂട്ടാളികളെയും കോടതി റിമാൻഡ് ചെയ്തു. നവവരന്റെ പരാതിയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റി( മൂന്ന്) ന്റേതാണ് നടപടി. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകൾ ചുമത്തി കസബ പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് കോടതി നടപടിയെടുത്തത്. വധു, കാമുകൻ, കാമുകന്റെ ജ്യേഷ്ഠൻ, ജ്യേഷ്ഠന്റെ ഭാര്യ,കാർ ഡ്രൈവർ എന്നിവർക്കെതിരേയാണ് നവവരന്റെ പരാതി പ്രകാരം കേസെടുത്തത്. എന്നാൽ ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യകാരണങ്ങളാൽ റിമാൻഡ് ചെയ്തില്ല.
ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹനിശ്ചയം ഏപ്രിലിൽ നടന്നതാണെന്നും വിവാഹത്തിൽ നിന്നു പിൻമാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരൻ വാദമുന്നയിച്ചു. വിവാഹ നിശ്ചയ സമയത്തു നൽകിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉൾപ്പെടെ എടുത്തായിരുന്നു ഒളിച്ചോട്ടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരന്റെവീട്ടിലേക്കു പോകാനായി വസ്ത്രംമാറാൻപോയ വധു സുഹൃത്തായ യുവതിയെ ഒപ്പംകൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോൾ ഇരുവീട്ടുകാരും അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറിൽ കയറുന്നതു കണ്ടെത്തിയത്.