മാർക്ക് ദാന വിവാദം ; തീരുമാനം പുനഃ പരിശോധിക്കാൻ സർക്കാർ നിർദ്ദേശം , അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്
സ്വന്തം ലേഖിക
തിരുവനന്തപുരം: ബി.ടെക് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് ദാനം ചെയ്യാൻ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് കൈക്കൊണ്ട വിവാദ തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതേത്തുടർന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും.ഒരു വിഷയത്തിന് തോറ്റ വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് അധികമോഡറേഷൻ നൽകിയ തീരുമാനം റദ്ദാക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ , അക്കാദമിക് കൗൺസിലിന് വിടാം.
തിങ്കളാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കുന്നതും പ്രശ്‌നത്തിൽ ഗവർണറുടെ ഇടപെടലുണ്ടാവുമെന്നതും കണക്കിലെടുത്താണ് മാർക്ക് ദാനം പുനഃപരിശോധിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. അധിക മോഡറേഷൻ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുന:പരിശോധനയ്ക്ക് നിർദ്ദേശിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 5 മാർക്ക് നൽകാനുള്ള തീരുമാനത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായോ എന്നതടക്കമായിരിക്കും പരിശോധിക്കുക. തെറ്റുണ്ടെങ്കിൽ സിൻഡിക്കേറ്റ് ചർച്ച ചെയ്ത് തിരുത്തൽ നടപടികളെടുക്കാനും അനൗദ്യോഗികമായി നിർദ്ദേശിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർക്ക് ദാനരേഖകൾ സഹിതം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് മൂന്ന് വട്ടം പരാതി നൽകിയിട്ടുണ്ട്. ചാൻസലറായ ഗവർണർക്ക് സർവകലാശാലയുടെ ഏത് ഫയലും വിളിച്ചുവരുത്താനും ഭേദഗതി ചെയ്യാനും റദ്ദാക്കാനും അധികാരമുണ്ട്. ഇതൊഴിവാക്കാനാണ് സർക്കാരിന്റെ നടപടി. പരീക്ഷാഫലം വന്നശേഷം മാർക്കുദാനം നടന്നതിൽ ചട്ടലംഘനമുണ്ടെന്ന വിലയിരുത്തലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിനുള്ളത്. അക്കാഡമിക് കൗൺസിൽ വഴിയല്ലാതെ സിൻഡിക്കേറ്റ് നേരിട്ട് മാർക്ക് നൽകിയതിലും ചട്ടലംഘനമുണ്ട്. എന്നാൽ, ഇതൊന്നും മന്ത്രിയുടെയോ മന്ത്രിയുടെ ഓഫീസിന്റെയോ സമ്മർദത്തിലല്ലെന്നാണ് സർവകലാശാലയും വകുപ്പും പറയുന്നത്. 2012ൽ കൊച്ചി, കാലിക്കറ്റ് സർവകലാശാലകൾ ഫലം വന്ന ശേഷം ബി.ടെക്. പരീക്ഷയ്ക്ക് മോഡറേഷൻ നൽകിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് അക്കാദമിക് കൗൺസിലിൽ ശുപാർശയിലായിരുന്നു.
ദാനമായി നൽകിയ അഞ്ച് മാർക്കിൽ നൂറിലേറെ വിദ്യാർത്ഥികൾ വിജയിച്ചിട്ടുണ്ട്. ഇതിൽ ഒരാളേ ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുള്ളൂ. നൂറോളം പേർ മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും വാങ്ങിയിട്ടുണ്ട്. അഞ്ച് മാർക്ക് അധിക മോഡറേഷൻ റദ്ദാക്കിയാൽ ഇവരുടെ ബിരുദവും റദ്ദാക്കേണ്ടി വരും. . വൈസ് ചാൻസലർ വിദേശത്തായതിനാൽ പ്രോ വൈസ് ചാൻസലറുടെ അധ്യക്ഷതയിലാണ് സിൻഡിക്കേറ്റ് ചേരുന്നത്. .