
സ്മാർട്ട് ഫോണിന് പകരം എന്താവും വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? ആവശ്യമായ കാര്യങ്ങളെല്ലാം കണ്ണുചിമ്മി തുറക്കുന്നതോടെ മുന്നില്‍ തെളിയും ; പത്തു വർഷത്തിനുള്ളില്‍ സ്മാർട്ട് ഫോണുകള്‍ക്ക് ബദലായി ഈ ഡിവൈസ് എത്തുമെന്ന് സക്കർബർഗ്
സ്മാർട്ട് ഫോണുകള്‍ ജീവിതത്തിലെ അവിഭാജ്യ ഘടകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച രണ്ട് പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ ഫീച്ചർ ഫോണുകളും സ്മാർട്ട് ഫോണുകളുമായി രൂപാന്തരം പ്രാപിച്ചതുപോലും അറിയാതെയാണ് നാം അവയുടെ ഉപയോക്താക്കാളായതും. ഊണിലും ഉറക്കത്തിലും സ്മാർട്ട് ഫോണുകള്‍ക്കൊപ്പമാണ് ഇന്ന് പലരും ജീവിക്കുന്നതുതന്നെ. അത്തരമൊരു സാഹചര്യത്തില്‍ സ്മാർട്ട് ഫോണിന് പകരം എന്താവും വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്.
മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തെന്ന് പറയുന്ന സക്കർബർഗ്, ഇതിനു പകരം സ്മാർട്ട് ഗ്ലാസുകള്‍ കളം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. ഡിജിറ്റല്‍ ഇൻഫർമേഷനുകള്‍ ലഭിക്കുകയെന്നത് ഇന്ന് ഒഴിച്ചുകൂടാനാകാത്ത കാര്യമാണെന്നും ഇതിന് സഹായിക്കുന്ന ഡിവൈസായി സ്മാർട്ട് ഗ്ലാസുകള്‍ മാറിക്കഴിഞ്ഞുവെന്നും സക്കർബർഗ് ചൂണ്ടിക്കാണിക്കുന്നു. അടുത്ത പത്തു വർഷത്തിനുള്ളില്‍ സ്മാർട്ട് ഫോണുകള്‍ക്ക് ബദലായി സ്മാർട്ട് ഗ്ലാസുകള്‍ പ്രചാരം നേടുമെന്നാണ് സക്കർബർഗ് അഭിപ്രായപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകള്‍ക്ക് സാങ്കേതിക വിനിമയത്തിനുള്ള പ്രധാന മാർഗമായി സ്മാർട്ട് ഗ്ലാസ്സുകള്‍ മാറും. ഇതോടെ നമ്മള്‍ സാങ്കേതിക വിദ്യയുമായി സമ്ബർക്കം പുലർത്തുന്ന രീതിയില്‍ വൻ മാറ്റമുണ്ടാകും. പോക്കറ്റില്‍നിന്ന് പുറത്തെടുക്കാൻ പോലും മെനക്കെടേണ്ടാത്ത ഡിവൈസുകളിലൂടെയുള്ള ഡിജിറ്റല്‍ കണ്ടന്റുകളുമായി ആശയവിനിമയം നടത്താൻ സ്മാർട്ട് ഗ്ലാസുകളിലൂടെ സാധിക്കും. ആവശ്യമായ കാര്യങ്ങളെല്ലാം കണ്ണുചിമ്മി തുറക്കുന്നതോടെ മുന്നില്‍ തെളിയുന്ന തരത്തിലുള്ള ഡിസൈൻ ആണ് സ്മാർട്ട് ഗ്ലാസ്സുകളുടേതെന്നും സക്കർബർഗ് പറയുന്നു.
ആഗോള ടെക് ഭീമൻമാരായ മെറ്റ, ആപ്പിള്‍ തുടങ്ങിയ കമ്ബനികള്‍ ബില്യണ്‍ കണക്കിന് ഡോളറാണ് ഓഗ്മെന്‍റഡ് റിയാലിറ്റിക്കും വെയറബിള്‍ ഡിവൈസുകള്‍ക്കുമായി ചെലവഴിക്കുന്നത്. ആപ്പിള്‍ ഇത്തരത്തില്‍ വിഷൻ പ്രോ എന്ന ഡിവൈസുമായി എത്തിയപ്പോള്‍ മെറ്റ ശ്രമിക്കുന്നത് സ്മാർട്ട് ഗ്ലാസ്സുകളെ ജനകീയമാക്കാനാണ്. ഫോണ്‍ സ്ക്രീനില്‍ നോക്കാതെ സാങ്കേതിക വിവരങ്ങള്‍ യഥാർഥ ലോകത്തിന്റെ ഭാഗമായി വിളംബരം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടെക്സ്റ്റിങ്, കാളിങ്, വാർത്തകള്‍ അറിയല്‍, നാവിഗേഷൻ മാപ്പ് തുടങ്ങിയവയെല്ലാം സ്മാർട്ട് ഗ്ലാസുകളിലൂടെ ലഭിക്കും.
ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസും ഓഗ്മെന്‍റഡ് റിയാലിറ്റിയും ജനകീയമാകുന്നതോടെ സ്മാർട്ട് ഫോണുകള്‍ പടിക്ക് പുറത്താകും. ആളുകള്‍ ആവശ്യമുള്ള വ്യക്തിഗത വിവരങ്ങളെല്ലാം അവരിലേക്ക് സ്വാഭാവികമായെത്തും. ഗൂഗ്ളില്‍ സെർച്ച് ചെയ്യാതെ ആവശ്യമായ വിവരമെല്ലാം കണ്‍മുന്നില്‍ തെളിയും. നിലവില്‍ സ്മാർട്ട് ഗ്ലാസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ബാറ്ററിയുടെ ആയുസ്, പ്രോസസിങ് പവർ, സ്വകാര്യതയുടെ സംരക്ഷണം എന്നിവയാണ്. ഇവ പരിഹരിക്കപ്പെടുന്ന മുറയ്ക്ക് സ്മാർട്ട് ഗ്ലാസുകള്‍ക്ക് പ്രചാരമേറുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.