തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ താരപ്രചാരകയായി മറിയ ഉമ്മന്‍; 14 ജില്ലകളിലെയും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമായിരുന്നു മറിയ

Spread the love

കോട്ടയം: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ താരപ്രചാരക ആയി മാറിയതിന്റെ സന്തോഷത്തിലാണ് മറിയ ഉമ്മന്‍. 14 ജില്ലകളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഊണും ഉറക്കവും ഇല്ലാതെ 13 ദിവസമാണ് പ്രചാരണരംഗത്ത് മറിയ ഉമ്മന്‍ സജീവമായത്. ഇതിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏതാണ്ട് 4470 കിലോമീറ്റര്‍ ദൂരം കാറില്‍ സഞ്ചരിച്ചു. 75 നിയമസഭ മണ്ഡലങ്ങളില്‍ ഓടിയെത്തി. 44 യോഗങ്ങളില്‍ പങ്കെടുത്തു. 21 റോഡ്‌ഷോകളിലും മറിയ പങ്കെടുത്തു. കൂടാതെ മണ്ഡലങ്ങളിലെ 1625 വീടുകളും സ്ഥാപനങ്ങളും മറിയ സന്ദര്‍ശിക്കുകയും ചെയ്തു.

video
play-sharp-fill

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത് പാര്‍ട്ടിയോ മുന്നണിയോ ആവശ്യപ്പെട്ടിട്ടല്ല. മറിച്ച് വിവിധ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ മണ്ഡലത്തില്‍ വരണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ പോയി തുടങ്ങിയതാണ്. ചാണ്ടി ഉമ്മന്‍ മത്സരിക്കുന്ന പുതുപ്പള്ളിയിലും എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുമായിരുന്നു. ഊണും ഉറക്കവും വിശ്രമവുമില്ലാതെ 140 നിയമസഭ മണ്ഡലങ്ങളിലും അപ്പ നിറഞ്ഞുനിന്ന കാലം ഓര്‍മവരുന്നു. ഇതൊക്കെ അപ്പയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്ന് അന്ന് ഞാന്‍ അദ്ഭുതപ്പെട്ടിരുന്നു. ഓരോ മണ്ഡലത്തില്‍ പ്രചാരണത്തിന് പോയപ്പോഴും അപ്പയോടുള്ള ജനങ്ങളുടെ സ്‌നേഹം എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. ജനങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ ഊണും ഉറക്കവും വിശ്രമവും ക്ഷീണവുമെല്ലാം ഞാനും മറന്നു. ജനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ലഭിക്കുന്നതെന്ന് അപ്പ പറയുമായിരുന്നു. അപ്പ പറഞ്ഞതിന്റെ അര്‍ഥം എനിക്ക് ഇപ്പോള്‍ ശരിക്കും ബോദ്ധ്യപ്പെട്ടു എന്നും മറിയ ഉമ്മൻ പറഞ്ഞു. അപ്പയുടെ അദൃശ്യ സാന്നിദ്ധ്യം എന്നോടൊപ്പമുണ്ടായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന കാര്യം ഉറപ്പാണെന്നും മറിയ ഉമ്മന്‍ കൂട്ടിച്ചേർത്തു.