
ഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തിന് പോലും പലപ്പോഴും മനുഷ്യശരീരത്തിലെ രാസമാറ്റങ്ങളെ നിർവചിക്കാൻ സാധിക്കാറില്ല. അത്തരത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന് ഇപ്പോഴും ഉത്തരം തേടുകയാണ് ശാസ്ത്രലോകം.
വിഷപ്പുക വമിപ്പിക്കുന്ന ഒരു യുവതിയാണ് ഈ സംഭവത്തിലെ പ്രധാനപ്പെട്ടയാള്‍. മരിക്കുന്നതിന് തൊടുമുമ്പാണ് ഇവരുടെ ശരീരത്തില്‍ നിന്നും വിഷപ്പുക പുറംതള്ളിയത്.
ആ സംഭവം ഇങ്ങനെ:
1994 ഫെബ്രുവരി 9. കലിഫോർണിയയിലെ മൊറേനോ വാലിയിലുള്ള റിവർസൈഡ് ജനറല്‍ ഹോസ്പിറ്റലിന്റെ എമർജൻസി റൂം. അന്ന് രാത്രി അവിടെ എത്തിച്ച ഗ്ലോറിയ റാമിറെസ് എന്ന 31 വയസ്സുകാരിയുടെ ശരീരം പിന്നീട് മെഡിക്കല്‍ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ അധ്യായങ്ങളിലൊന്നായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. ഗർഭാശയ അർബുദം അവസാനഘട്ടത്തിലെത്തിയ ഗ്ലോറിയ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം വെറും 45 മിനിറ്റുകള്‍ക്കകം അവർ മരിച്ചു. എന്നാല്‍ ആ മരണത്തിന് മുമ്പ് എമർജൻസി റൂമില്‍ സംഭവിച്ചത് ഇന്നും വിശദീകരിക്കാനാകാത്ത ഒരു വൈദ്യശാസ്ത്ര രഹസ്യമായി തുടരുന്നു.
ഗ്ലോറിയയുടെ ശരീരത്തില്‍ നിന്ന് പുറപ്പെട്ടതെന്നു കരുതുന്ന വിഷവാതകത്തെ തുടർന്ന്, എമർജൻസി റൂമിലുണ്ടായിരുന്ന 37 പേരില്‍ 27 പേർക്ക് ബോധക്ഷയം അനുഭവപ്പെട്ടു. ചിലർ നിലത്തുവീണു, ചിലർക്ക് കടുത്ത ശ്വാസതടസ്സവും കാഴ്ച്ചമറയുകയും ചെയ്തു. ഈ അസാധാരണ സംഭവമാണ് ഗ്ലോറിയ റാമിറെസിനെ പിന്നീട് ലോകം ‘ടോക്സിക് ലേഡി’ എന്നു വിളിക്കാൻ കാരണമായത്.
വൈദ്യശാസ്ത്രപരമായി ഗ്ലോറിയയുടെ മരണകാരണം വ്യക്തമാണ്. സ്റ്റേജ് 4 സെർവിക്കല്‍ കാൻസർ മൂലം വൃക്കകള്‍ പ്രവർത്തനരഹിതമായി, തുടർന്ന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഔദ്യോഗിക കണ്ടെത്തല്‍. എന്നാല്‍ ഒരു മനുഷ്യശരീരത്തില്‍ നിന്ന് ഇത്രയും ആളുകളെ ഒരേസമയം ബാധിക്കുന്ന തരത്തിലുള്ള വിഷപദാർത്ഥം പുറത്തുവരാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല. ഫൊറൻസിക് അന്വേഷണങ്ങളും ശാസ്ത്രീയ സിദ്ധാന്തങ്ങളും പലതും മുന്നോട്ടുവച്ചെങ്കിലും, അവയ്ക്കൊന്നും ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവദിനത്തില്‍, ഹോം ബേസ്ഡ് പാലിയേറ്റീവ് കെയറില്‍ കഴിയുകയായിരുന്ന ഗ്ലോറിയയുടെ ശ്വാസനിരക്കും ഹൃദയമിടിപ്പും പെട്ടെന്ന് ക്രമാതീതമായി മാറുകയായിരുന്നു. രാത്രി 8.15 ഓടെ പാരാമെഡിക്കുകള്‍ അവരെ റിവർസൈഡ് ജനറല്‍ ഹോസ്പിറ്റലിലെത്തിച്ചു. പതിവ് അടിയന്തര ചികിത്സാ നടപടികള്‍ ആരംഭിച്ചു. റിംഗർസ് ലാക്ടേറ്റ് നല്കി, തുടർന്ന് ഡയസെപാം, മിഡാസോളം, ലോറാസെപാം എന്നിവ കുത്തിവച്ചു. ആംബ്-ബാഗ് ഉപയോഗിച്ച് ഓക്സിജനും നല്കി. എല്ലാം സാധാരണ ഗുരുതര രോഗിയുടെ ചികിത്സാ ക്രമത്തിലായിരുന്നു.
എന്നാല്‍ നഴ്സ് സൂസൻ കെയ്ൻ കത്തീറ്റർ സ്ഥാപിക്കുന്നതിനിടെ സിറിഞ്ച് പിൻവലിച്ചപ്പോഴാണ് അപ്രതീക്ഷിതമായ മാറ്റം സംഭവിച്ചത്. സിറിഞ്ചിന്റെ അഗ്രത്തില്‍ നിന്ന് അമോണിയയെ ഓർമിപ്പിക്കുന്ന ശക്തമായ ദുർഗന്ധം പുറപ്പെട്ടതായി അവർ ശ്രദ്ധിച്ചു. സിറിഞ്ച് കൈമാറിയതോടെ മറ്റു ജീവനക്കാരും അതേ ഗന്ധം സ്ഥിരീകരിച്ചു. രക്തത്തില്‍ മഞ്ഞ നിറത്തിലുള്ള ചെറിയ കണങ്ങള്‍ കണ്ടതായി മെഡിക്കല്‍ റെസിഡന്റ് ജൂലി ഗോർചിൻസ്കി രേഖപ്പെടുത്തി.
ഗ്ലോറിയയുടെ ശരീരത്തിനടുത്ത് നിന്നിരുന്ന സൂസൻ കെയ്ൻ പെട്ടെന്ന് തലകറങ്ങി വാതിലേക്കു നീങ്ങി. നിമിഷങ്ങള്‍ക്കകം അവള് ബോധരഹിതയായി വീഴുകയായിരുന്നു. സമാനമായ ലക്ഷണങ്ങള്‍ മറ്റുള്ളവർക്കും തുടർച്ചയായി പ്രകടമായി. ഇതോടെ എന്തോ അപകടകരമായ പദാർത്ഥം എമർജൻസി റൂമില്‍ പരന്നുവെന്ന് മനസ്സിലാക്കിയ ഡോ. ഹംബെർട്ടോ ഒച്ചോവ, ഉടൻ തന്നെ ഇആർ ഒഴിപ്പിക്കാൻ ഉത്തരവിട്ടു.
രോഗികളും ജീവനക്കാരും തുറന്ന പാർക്കിങ് പ്രദേശത്തേക്ക് മാറ്റി. പുറംവസ്ത്രങ്ങള്‍ ഹാസ്മത്ത് ബാഗുകളിലാക്കി. ഗ്ലോറിയയെ മാത്രമാണ് സ്ട്രെച്ചറില്‍ ഇആറിനുള്ളില് തുടരാൻ വിട്ടത്. പിന്നീട് പൂർണ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ച സെക്കൻഡറി ട്രോമ ടീം മടങ്ങിയെത്തി. രാത്രി 8.50 വരെ സിപിആർ നല്‍കിയെങ്കിലും, ഗ്ലോറിയ റാമിറെസ് മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
മൃതദേഹം കട്ടിയുള്ള പ്ലാസ്റ്റിക് പാളികളില്‍ പൊതിഞ്ഞ് അലുമിനിയം ശവപ്പെട്ടിയിലാക്കി. മോർച്ചറിയിലെ ഒറ്റപ്പെട്ട ഭാഗത്താണ് സൂക്ഷിച്ചത്. പ്രത്യേക പരിശീലനം നേടിയ ഹാസ്മത്ത് സംഘം ഇആർ മുഴുവൻ പരിശോധിച്ചു. വിഷവാതകത്തിന്റെ ഉറവിടമോ രാസവസ്തുക്കളോ ഒന്നും കണ്ടെത്താനായില്ല.
വിഷബാധയേറ്റ അഞ്ച് ആശുപത്രി ജീവനക്കാരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ജൂലി ഗോർചിൻസ്കി രണ്ടാഴ്ചത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടിവന്നു. എന്നിരുന്നാലും, ഈ അസാധാരണ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ വൈദ്യശാസ്ത്രത്തിനും ഫൊറൻസിക് ശാസ്ത്രത്തിനും ഇന്നുവരെ കഴിഞ്ഞിട്ടില്ല.
മരണത്തിന് വ്യക്തമായ വിശദീകരണമുണ്ടെങ്കിലും, ഗ്ലോറിയ റാമിറെസിന്റെ ശരീരം ആ രാത്രിയില്‍ എങ്ങനെ ഒരു എമർജൻസി റൂമിനെ തന്നെ അസഹ്യവും അപകടകരവുമായി മാറ്റിയെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാത്ത ഒരു രഹസ്യമായി തുടരുന്നു.



