മറവി രോഗമുള്ള പെറ്റമ്മയെ മകൻ പീഡിപ്പിച്ചു
സ്വന്തംലേഖിക
കൊല്ലം: അഞ്ചാലുമ്മൂട്ടിൽ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ പൊലീസ് പിടിയിൽ. എഴുപത്തിനാല് വയസുള്ള അമ്മയെ മകൻ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മറവി രോഗം ബാധിച്ച അമ്മയെ കുറച്ചുനാളുകളായി മകൻ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാണ് അച്ഛന്റെ പരാതി. സംഭവത്തിൽ കേസെടുത്ത അഞ്ചാലുംമൂട് പൊലീസ് ഇന്ന് രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന സൂചന. മദ്യവും കഞ്ചാവുമുൾപ്പെടെ ലഹരിക്കടിമയാണ് ഇയാളെന്നും പൊലീസ് പറയുന്നു.മദ്യലഹരിയിലായിരുന്നു ഇയാൾ പീഡനം നടത്തിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റൊരു കൊലപാതകക്കേസിലെ രണ്ടാം പ്രതിയുമാണ് ഇയാൾ.മറവിരോഗമായതിനാൽ മാതാവിന്റെ മൊഴി രേഖപ്പെടുത്തുന്നതിൽ പരിമിതികളുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. മാതാവിനെ വൈദ്യ പരിശോധനക്ക് വിധേയയാക്കാനാണ് പൊലീസ് തീരുമാനം. ഇതിനു ശേഷമാകും മകന്റെ അറസ്റ്റ് രേഖപ്പെടുത്തുക.