
ആലപ്പുഴ: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കടത്താൻ ശ്രമിച്ച സംഘത്തെ പിടികൂടി മാരാരിക്കുളം പൊലീസ്. കണിച്ചുകുളങ്ങര ജങ്ഷന് സമീപം ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് മാരുതി ഒമിനി കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന 10 ചാക്ക് ഹാൻസ് പൊലീസ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണത്തിൽ എറണാകുളം മുനമ്പത്തെ ഒരു വീട്ടിലെ ബാത്ത്റൂമിൽ ഒളിപ്പിച്ചുവെച്ചിരുന്ന 62 ചാക്ക് ഹാൻസ് കൂടി അന്വേഷണ സംഘം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് വിതരണം ചെയ്യുന്ന വൻ റാക്കറ്റിലെ അംഗങ്ങളായ എറണാകുളം പള്ളിപ്പുറം പള്ളിക്കാട് സ്വദേശി അഖിൽ രാജു (35), എറണാകുളം മുനമ്പം കോട്ടയ്ക്കാട് സ്വദേശി രാജേഷ് (44) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളും പ്രതികളെയും മാരാരിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


