play-sharp-fill
മാരാരിക്കുളത്ത് ജൈവകൃഷിയുടെ പെൺപെരുമ

മാരാരിക്കുളത്ത് ജൈവകൃഷിയുടെ പെൺപെരുമ


സ്വന്തം ലേഖകൻ

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെ.എൽ. ജി ഗ്രൂപ്പുകൾ ജൈവകൃഷിയിലൂടെ വിജയം കൊയ്യുന്നു. മാരാരിക്കുളം എട്ടാം വാർഡിലുള്ള കർഷകശ്രീ ജെ. എൽ. ജി ഗ്രൂപ്പാണ് കൂട്ടുകൃഷിയിലൂടെ വിജയഗാഥ എഴുതുന്നത.് ഇവിടെ പത്തുപേരടങ്ങുന്ന കർഷകശ്രീ യൂണിറ്റ് രണ്ടായി തിരിഞ്ഞാണ് ഒരു സംഘം പച്ചക്കറി കൃഷിയും മറ്റൊരു സംഘം വാഴക്കൃഷിയും ഇടവിളയായി പൂക്കൃഷിയും നടത്തുന്നത്. വരുമാനമാർഗമായതോടെ ആർക്കും എപ്പോൾ വേണമെങ്കിലും കൃഷി ഉപജീവന മാർഗമാക്കാമെന്ന് ഈ വനിതകൾ തെളിയിച്ചിരിക്കുന്നു.

പാട്ടത്തിനെടുത്ത രണ്ടേക്കറിൽ രണ്ടായിരം ഞാലിപ്പൂവൻ വാഴയാണ് നട്ടുപരിപാലിച്ചു വരുന്നത്. പാരമ്പര്യക്കൃഷി രീതിയും നൂതന കൃഷിരീതിയും സംയോജിപ്പിച്ചാണ് കൃഷിരീതി. അതിനാൽത്തന്നെ ഈ വാഴക്കൃഷി ഏറെ വ്യത്യസ്തവും വരുമാനദായകവുമാണെന്ന് പ്രവർത്തകർ പറയുന്നു. വാഴയിലയാണ് പ്രധാന വരുമാനം. കൃഷി തുടങ്ങി രണ്ടര മാസമാകുമ്പോൾ തന്നെ ഇലമുറിച്ചു വില്പന തുടങ്ങും. തൂശനിലയ്ക്ക് അഞ്ച് രൂപയും കീറിലയ്ക്കും കാപ്പിയിലയ്ക്കും ഏകദേശം രണ്ടുമുതൽ മൂന്നുരൂപ വരെയും ലഭിക്കും. ഒന്നിടവിട്ടാണ് ഇല മുറിക്കുക. ഒരു വാഴയിൽ നിന്നും അവയുടെ വിത്തിൽ നിന്നുമായി ഏഴുമാസം കൊണ്ട് 80 തൂശനിലയും 30 കീറിലയും ലഭിക്കുന്നു. ഇല മുറിക്കുന്ന വാഴയുടെ കുലയ്ക്ക് ഏകദേശം 12 കിലോവരെയാണ് തൂക്കം. ഏകദേശം 500 രൂപയാണ് ഇതിൽനിന്നുള്ള വരുമാനം. വിത്തിന് പത്തുരൂപയും ലഭിക്കും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്ത ഗ്രാമമായതിനാൽ സമീപപ്രദേശത്ത് നിരവധി ചെറിയ ഹോട്ടലുകൾ ഈ ഇലകളെയാണ് ആശ്രയിക്കുന്നത്. കല്യാണാവശ്യങ്ങൾക്കും വാഴയില ഉപയോഗിക്കുന്നു. ഇടവിളയായി ബന്ദിപ്പൂക്കൃഷിയും ഇവിടെയുണ്ട്. പൂജയാവശ്യങ്ങൾക്കുള്ള പൂക്കളായും മാലയായും ഇവിടെനിന്ന് പൂവ് വിതരണം ചെയ്യുന്നു. കണിച്ചുകുളങ്ങര ചെട്ടിച്ചിറയിൽ തുളസി, ധനിജ, പത്മാക്ഷി ഓമന, ലത എന്നിവരാണ് ഈ വിജയഗാഥയുടെ പിന്നിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group