മരങ്ങാട്ടുപിള്ളിയിൽ വീടിന്റെ കതക് തകർത്ത് വൻ കവർച്ച; നഷ്ടമായത് ഏഴ് പവൻ
സ്വന്തം ലേഖകൻ
കോട്ടയം: മരങ്ങാട്ടുപിള്ളിയിൽ വീടിന്റെ ഓടാമ്പൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഏഴ് പവന്റെ ആഭരണങ്ങളാണ് കവർന്നത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. മരങ്ങാട്ടുപിള്ളി വട്ടിഞ്ചയിൽ സിറിയക് ജോസഫിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. വീടിന്റെ പിന്നാമ്പുറത്ത് വച്ചിരുന്ന ഗോവണിയെടുത്ത് രണ്ടാം നിലയിലേക്ക് കയറി വാതിലില്ലാത്ത ജനലിലൂടെ കൈകളിട്ട് പ്രധാന വാതിലിന്റെ കുറ്റി എടുത്തുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കയറിയത്. അലമാരിയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട് തപ്പുന്നതിനിടയിൽ ശബ്ദം കേട്ട് സിറിയക് ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപെടുകയായിരുന്നു. ഉടൻതന്നെ സിറിയക് മരങ്ങാട്ടുപിള്ളി സ്റ്റേഷനിൽ വിവരം അറിയിച്ചു. എസ്.ഐ സിബി തോമസിന്റെ നേതൃത്വത്തിൽ പത്തു മിനിറ്റിനുള്ളിൽ പാഞ്ഞെത്തിയ പൊലീസ് മോഷ്ടാവിനായി പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. സിറിയക്കും മാതാവും ഭാര്യയും മോഷണസമയത്ത് വീട്ടിലുണ്ടായിരുന്നു. സി.ഐ ജോയി മാത്യുവും വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.