
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ കോട്ടയത്തെ ഫ്ളാറ്റുകൾ സുരക്ഷിതമോ ? നാഗമ്പടത്തെ ജുവൽ ഹോംസ് അടക്കം പത്തിലേറെ ഫ്ളാറ്റുകൾ നിർമ്മിച്ചത് നിയമങ്ങൾ എല്ലാം ലംഘിച്ച്: ഈ ഫ്ളാറ്റുകളും പൊളിക്കേണ്ടി വരുമോ
സ്വന്തം ലേഖകൻ
കോട്ടയം: കൊച്ചിയിൽ മരടിലെ രണ്ടു ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ ചോദ്യം ഉയരുന്നത് കോട്ടയത്ത് നിർമ്മിച്ചിരിക്കുന്ന നിരവധി ഫ്ളാറ്റുകൾ നിയമങ്ങൾ എല്ലാം പാലിച്ചാണോ എന്ന ചോദ്യമാണ് ഉയരുന്നത്. നാഗമ്പടത്ത് മീനച്ചിലാറിന്റെ കരയിൽ നിർമ്മിച്ചിരിക്കുന്ന ജുവൽ ഹോംസ് അടക്കം പത്ത് ഫ്ളാറ്റുകളെങ്കിലും പ്രഥമ ദൃഷ്ട്യാ തന്നെ നിയമം ലംഘിച്ചാണ് നിർമ്മിച്ചത് എന്ന് വ്യക്തമാകുന്നതാണ്.
കോടിമത എം സി റോഡ് അരികിൽ ചതുപ്പ് നിലം നികത്തി ഗോകുലം ഗ്രൂപ്പ് നിർമ്മിച്ച ഫ്ളാറ്റും , ഇവിടെ തന്നെ നിർമ്മിച്ചിരിക്കുന്ന സ്കൈലൈനിന്റെ ഫ്ളാറ്റും നിർമ്മിച്ചിരിക്കുന്നത് തരിശിട്ട് കിടന്ന പാടശേഖരങ്ങൾ നികത്തിയാണ്. കഞ്ഞിക്കുഴി മാങ്ങാനം റോഡിൽ മാങ്ങാനത്ത് പാടശേഖരത്തിന് നടുവിൽ പാടം നികത്തി നിർമ്മിച്ച ചാണ്ടീസ് ഹോംസ് വ്യക്തമായ നിയമ ലംഘനം നടത്തി എന്നതും പകൽ പോലെ വ്യക്തമാണ്. 30 നിലയിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫ്ളാറ്റുകളിൽ ഒന്നാണ് മാന്നാനത്തെ ചാണ്ടീസ് ഹോംസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ 25 ഫ്ളാറ്റുകളാണ് നിലവിൽ ഉള്ളത്. ഇതിൽ പത്തെണ്ണം എങ്കിലും ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനം നടത്തിയാണ് നിർമ്മിച്ചതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതിൽ മാങ്ങാനം ചാണ്ടീസ് ഹോംസും , കോടിമതയിലെ ഗോകുലവും , സ്കൈ ലൈൻ ഫ്ളാറ്റും , നാഗമ്പടത്തെ ജൂവൽ ഹോംസും പ്രകൃതി നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. കഞ്ഞിക്കുഴിയിലെ സ്കൈ ലൈൻ ഫ്ളാറ്റിനെതിരെ നിർമ്മാണ ഘട്ടത്തിൽ തന്നെ നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു. എന്നാൽ പരാതികൾ എല്ലാം പണമിട്ട് മൂടിയാണ് കെട്ടിട നിർമ്മാണം കമ്പനി പൂർത്തിയാക്കിയത്.
നാഗമ്പടത്ത് ജുവൽ ഹോംസ് നടത്തുന്നതാണ് ഗുരുതരമായ നിയമ ലംഘനം. മീനച്ചിലാറിന്റെ കരയിൽ , ആറ്റിലേയ്ക്ക് സെപ്റ്റിക്ക് ടാങ്ക് പോലും തുറന്ന് വയ്ക്കുന്ന രീതിയിലാണ് ഇവിടെ നിർമ്മാണം. ആറ്റിലെ ജലനിരപ്പ് അൽപം ഉയർന്നാൽ തന്നെ സെപ്റ്റിക് ടാങ്കിലെ മാലിന്യം മീനച്ചിലാറ്റിൽ കലരും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. ഇതൊന്നും പരിഗണിക്കാതെ പണം ഒഴുക്കിയാണ് മീനച്ചിലാറിന്റെ കരയിൽ ഇത്തരത്തിൽ അനധികൃത നിർമ്മാണത്തിന് അധികൃതർ അനുമതി നൽകിയത്. മരടിലെ ഫ്ളാറ്റുകൾക്ക് സമാനമായ രീതിയിൽ തന്നെയാണ് ജുവൽ ഹോംസും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
മാങ്ങാനത്ത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫ്ളാറ്റുകളിൽ ഒന്നായ ചാണ്ടീസ് ഹോംസ് നിർമ്മിച്ചിരിക്കുന്നത് ഏക്കർ കണക്കിന് പാടശേഖരങ്ങൾ നികത്തിയാണ്. ഈ പാടശേഖരങ്ങൾ ഇപ്പോഴും രേഖകളിൽ പാടശേഖരങ്ങൾ തന്നെയാണ്. കോടിമതയിലെ ഗോകുലവും , സ്കൈ ലൈൻ ഫ്ളാറ്റും വർഷങ്ങളായി തരിശിട്ട് കിടന്ന പാടശേഖരങ്ങളിലാണ് തങ്ങളുടെ ഫ്ളാറ്റുകൾ കെട്ടിപ്പൊക്കിയിരിക്കുന്നത്.
അനധികൃതമായി നിർമ്മിച്ച ഈ ഫ്ളാറ്റുകൾക്കെതിരെ പരാതി ഉയർന്നിട്ടും ഇതുവരെയും നടപടി എടുക്കാൻ അധികൃതർ പോലും തയ്യാറായിട്ടില്ല.