video
play-sharp-fill
130-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 09 മുതല്‍ 16 വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും: മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

130-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ഫെബ്രുവരി 09 മുതല്‍ 16 വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും: മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

കോട്ടയം: ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച മുതല്‍ 16-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും. ഫെബ്രുവരി 09-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മണല്‍പ്പുറത്തേക്കുള്ള താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി 6-ന് അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു.

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ന്യുഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസ്സുകള്‍ പന്തലില്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംയുക്തമായാണ് ഈ വര്‍ഷവും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടത്തുന്നതാണ്. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും.

സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30 ന് ലഹരിവിമോചന സമ്മേളനവും, വൈകിട്ട് 6 മുതല്‍ 7.30 വരെ സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള മീറ്റിംഗും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 ന് യുവവേദി യോഗങ്ങളും പന്തലില്‍വച്ച് നടത്തുന്നതാണ്. ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30 മുതല്‍ 9 വരെയുളള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു.
പൂര്‍ണ്ണസമയം സുവിശേഷവേലയ്ക്കു സമര്‍പ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 14 വെള്ളിയാഴ്ചയും 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 15 ശനിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

മാരാമണ്‍ കണ്‍വന്‍ഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും, അത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.
ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്. യോഗത്തില്‍ സംബന്ധിച്ച് സ്‌തോത്രകാഴ്ച അര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പേമെന്റ് ഗേറ്റ്‌വേ സംവിധാനത്തിലൂടെ ആ സമയംതന്നെ ഓണ്‍ലൈനായി സ്‌തോത്രകാഴ്ച അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നു. പോലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.

മാരാമണ്‍ മഹായോഗത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ഹരിത നിയമാവലി അനുസരിച്ചാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങളില്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നല്‍കുന്നതും.

1888 സെപ്റ്റംബര്‍ 5ന് കല്ലിശ്ശേരി കടവില്‍ മാളികയില്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയും സംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, പ്രസ്സ് & മീഡിയ കമ്മറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികൾ വിശദീകരിച്ചു.