മരട് ഫ്‌ളാറ്റ് ; ജനുവരി 11ന് പൊളിച്ചു തുടങ്ങും, ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : മരട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജികൾ ജനുവരി രണ്ടാംവാരത്തിന് ശേഷം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉടമൾക്ക് നഷ്ടപരിഹാര തുക നൽകുന്നതിന് കൂടുതൽ സമയം വേണമെങ്കിൽ റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിക്ക് മുമ്പാകെ അക്കാര്യം സർക്കാരിന് ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു.
തീരദ്ദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 11ന് ഹോളി ഫെയ്ത്തും ആൽഫ വെഞ്ചേഴ്‌സും, 12ന് ഗോൾഡൻ കായലോരവും ജയിൻ കോറലുമാണ് പൊളിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള കമ്പനികളെ തീരുമാനിച്ചിട്ടുണ്ട്. ഫ്‌ളാറ്റുടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകാൻ ഇതുവരെ 61 കോടി 50 ലക്ഷം രൂപ വിനിയോഗിച്ചുവെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം കോടതി അംഗീകരിച്ചു.
നാലാഴ്ചക്കകം എല്ലാ ഫ്‌ളാറ്റുടമകൾക്കും 25 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. പണം നൽകുന്നതിന് മുമ്പ്് അർഹരായവരുടെ അക്കൗണ്ടിലേക്ക് തന്നെയാണോ പണം പോകുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെട്ടു. അത്തരം തീരുമാനങ്ങൾ റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയുടെ പരിഗണനയ്ക്ക് കോടതി വിട്ടു. കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെയും കെട്ടിട നിർമ്മാതാക്കൾക്കെതിരെയും നിരവധി ഹർജികൾ കോടതിയിൽ എത്തിയിരുന്നു. സായിറ എന്ന ഫ്‌ളാറ്റുടമ ഇന്ന് നേരിട്ട് ഹാജരാവുകയും ചെയ്തു. ഇവർക്കെല്ലാം പറയാനുള്ളത് പിന്നീട് കേൾക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അറിയിച്ചു.
മരടിലെ അനധികൃത ഫ്‌ളാറ്റുകളെ കുറിച്ചുള്ള കണക്കുകൾ നൽകുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കെതിരെ മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചു. നഷ്ടപരിഹാരം നൽകാനായി പണം കണ്ടെത്താൻ ജസ്റ്റിസ് ബാലകൃഷണൻ നായർ സമിതിയുടെ അനുമതിയോടെ സ്വത്തുകൾ വിൽക്കാൻ കെട്ടിട നിർമ്മാണ കമ്പനിയായ ഹോളിഫെയ്ത്തിന് കോടതി അനുമതി നൽകി. കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇനി ജനുവരി രണ്ടാംവാരത്തിൽ ജസ്റ്റിസ് അരുൺ മിശ്ര വീണ്ടും പരിശോധിക്കും