video
play-sharp-fill

കൃഷി ഇഞ്ചി : പോരാട്ടം പ്രകൃതിയ്ക്കായി ; ആന്റണിയെന്ന പോരാളി തകർക്കുന്നത് മരടിലെ അനധികൃത നിർമ്മാണങ്ങൾ

കൃഷി ഇഞ്ചി : പോരാട്ടം പ്രകൃതിയ്ക്കായി ; ആന്റണിയെന്ന പോരാളി തകർക്കുന്നത് മരടിലെ അനധികൃത നിർമ്മാണങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പൂച്ചയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന് ചോദിക്കുന്നതുപോലെ ഇഞ്ചി കൃഷിക്കാരൻ ആന്റണിക്ക് മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിൽ എന്താണ് കാര്യമെന്ന് ചോദിക്കരുത്. രാജ്യം ഉറ്റുനോക്കുന്ന മരട് സംഭവത്തിന്റെ അണിയറയിലെ അമരക്കാരനാണ് ഈ 42കാരൻ. പതിറ്റാണ്ടു നീണ്ട ആന്റണിയുടെ നിയമപോരാട്ടങ്ങളുടെ ഒന്നാം ഘട്ടത്തിലാണ് ശനിയാഴ്ച നാല് ഫ്‌ളാറ്റുകൾ മണ്ണിലേക്ക് പതിക്കുന്നത്. ഇത് ഒരു പക്ഷെ രാജ്യത്ത് വരാനിരിക്കുന്ന പൊളിക്കൽ പരമ്പരകളുടെ തുടക്കമായാലും അത്ഭുതപ്പെടേണ്ടതില്ല.

നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ വീഴുന്ന കാര്യം കേരളം ചർച്ച ചെയ്യുമ്പോൾ ഏറെ നിർവികാരനാണ് ആന്റണി.
പരിസ്ഥിതി പ്രവർത്തകനോ വ്യവഹാരിയോ സാമൂഹ്യപ്രവർത്തകനോ അല്ല ആന്റണി. ആദ്യം നാട്ടിലും പിന്നീട് കർണാടകയിലും ഇഞ്ചി കൃഷി ചെയ്തു വന്നയാൾ തീരപരിപാലന നിയമങ്ങളെ വെല്ലുവിളിക്കുന്നവരെ ചെറുക്കുന്നതിന് പിന്നിലെ പ്രചോദനം ഒരു പ്രതികാരകഥയാണ്. കൈയ്യൂക്ക് കൊണ്ട് കാര്യം നേടാൻ ശ്രമിച്ച കൊച്ചിയിലെ പ്രമുഖ ബിൽഡറെ തളയ്ക്കാൻ തുടങ്ങിയ യുദ്ധം ഇന്ന് രാജ്യം ഏറെ കാത്തിരിക്കുന്ന പൊളിക്കലിലേക്ക് എത്തിയെന്നേ ഉള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് പിന്നാമ്പുറത്തെ കായലോരത്ത് ചുളുവിലയ്ക്ക് സ്ഥലം വാങ്ങി ബഹുനില മന്ദിരം പണിഞ്ഞവരുടെ ഗുണ്ടായിസമാണ് ആന്റണിയെ പോരാളിയാക്കിയത്. വീടിന്റെ ചുറ്റുമതിൽ ടിപ്പർ ലോറികൾ നിരന്തരം ഇടിച്ചു മറിക്കുന്നതും ഗുണ്ടായിസവും പൊലീസുകാരുടെയും റവന്യൂ ജീവനക്കാരുടെയും കള്ളക്കളികളും പരിധി വിട്ടപ്പോൾ രണ്ടുംകല്പിച്ച് യുദ്ധത്തിനിറങ്ങി.

സാധാണക്കാരന്റെ വലിയ ആയുധമായ വിവരാവകാശമായിരുന്നു ആന്റണിയുടെയും ആദ്യ ആയുധം. നിരന്തര അപേക്ഷകളെയും പരാതികളെയും തുടർന്ന് മരട് മുനിസിപ്പാലിറ്റിയും കൊച്ചി കോർപ്പറേഷനും തീരദേശ പരിപാലന അതോറിറ്റിയും നിയമലംഘകരുടെ കണക്കെടുക്കേണ്ടി വന്നു. നിരവധി പേർക്ക് നോട്ടീസുകൾ നൽകി. 14 പേർക്ക് സ്റ്റോപ്പ് മെമ്മോയും കൊടുത്തു. തുടർന്നുള്ള കേസുകളിലാണ് നാല് ഫ്‌ളാറ്റുകൾ ഇപ്പോൾ നിലംപൊത്താനൊരുങ്ങി നിൽക്കുന്നത്.

വേമ്പനാട്ട് കായലിലെ കൈയേറ്റങ്ങളെക്കുറിച്ച് സുപ്രീം കോടതി സ്വമേധയാ കേസെടുത്തപ്പോൾ സമാനമായ തന്റെ കേസിൽ കീഴ്‌കോടതികളിലെ നിയമയുദ്ധം ഒഴിവാക്കാൻ നേരിട്ട് കക്ഷിയായി ഇദ്ദേഹം.ഭീഷണികൾക്കും വെല്ലുവിളികൾക്കൊന്നും ഒരു കുറവുമില്ല. കഴിഞ്ഞ ആഴ്ച ആന്റണിയുടെ റോഡരികിൽ പാർക്ക് ചെയ്ത വിന്റേജ് ബെൻസ് കാറിന് നേരെ ആക്രമണമുണ്ടായി. രണ്ട് ദിവസം മുൻപ്് സുസൂക്കി പിക്കപ്പിന്റെ ലൈറ്റുകളും തകർത്തു. വീഡിയോ ക്‌ളിപ്പുകളുൾപ്പടെ ചേർത്ത് ഡി.ജി.പിക്ക് പരാതി കൊടുത്തിട്ടുണ്ട്. . ജീവഭയമൊന്നുമില്ല. എന്തും നേരിടാൻ തയ്യാറാണ്. കേസിൽ തോൽക്കാറുണ്ടെങ്കിലും ജീവിതത്തിൽ തോൽക്കാനൊരുക്കമല്ല. വ്യവ്യഹാരത്തിന് പണം ഒരുപാട് ചെലവാകാറുണ്ട്. അവിവാഹിതനായി തുടരുന്നതും ഇത്തരം യുദ്ധങ്ങൾക്ക് വേണ്ടി തന്നെ.നിയമവ്യവസ്ഥയിലും കോടതികളിലുമുള്ള വിശ്വാസമാണ് ശക്തി ആന്റണി പറയുന്നു.