
മരട് ഫ്‌ളാറ്റ് ; ഉടമകളിലേറെയും ബിനാമികളായ വമ്പന്മാർ തന്നെ ,ഫ്‌ളാറ്റുടമകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റവന്യൂ അധികൃതർ
സ്വന്തം ലേഖിക
കൊച്ചി: കൈവശാവകാശ രേഖ വാങ്ങാത്തതിനെത്തുടർന്ന് മരടിലെ വിവാദ ഫ്‌ളാറ്റുകളുടെ അമ്പതോളം ഉടമകളെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് റവന്യൂ അധികൃതരുടെ റിപ്പോർട്ട്. വിവിധ സാധ്യതകളാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ബിൽഡർമാർ സ്വയം സൂക്ഷിച്ചിരിക്കുന്നതോ, കരാർവെച്ച് താമസം തുടങ്ങിയ ശേഷം സ്വന്തം പേരിലേക്ക് ഫ്‌ളാറ്റുകൾ മാറ്റാത്തതോ, ബിനാമി ഇടപാടുകളായിരിക്കനോ ഒക്കെയുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഉടമകൾ വിദേശങ്ങളിലായിരിക്കാനും സാധ്യതയുണ്ട്.
രജിസ്‌ട്രേഷൻ വകുപ്പിൽ വിശദ പരിശോധന നടത്തിയാൽ മാത്രമേ ഇക്കാര്യം കണ്ടെത്താനാകൂ. ആളില്ലാത്ത ഫ്‌ളാറ്റുകളിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിൽ നിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ, ഫ്‌ളാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത ഫ്‌ളാറ്റ് നിർമാണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങൾക്കൂടി പരിശോധിക്കുമെന്നാണ് സൂചന. ദുരൂഹമായ പണമിടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ കുരുക്ക് മുറുകാനും സാധ്യതയുണ്ട്. എല്ലാ രേഖകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്.പി. മുഹമ്മദ് റഫീഖ്, ഡിവൈ.എസ്.പി. ജോസി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച ഫ്‌ളാറ്റുകളിൽ പരിശോധന നടത്തി. സർവേ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇവരുടെ ആവശ്യമനുസരിച്ച് സ്ഥലം അളന്നു. നടപടികൾ അടുത്ത ദിവസവും തുടരും.
കായലിൽ നിന്നും റോഡിൽ നിന്നും കെട്ടിടങ്ങളിലേക്കുള്ള ദൂരം, കെട്ടിടങ്ങളുടെ ഉയരം, വിസ്തൃതി എന്നിവ പരിശോധിക്കും. പൊളിക്കുന്നതിന് മുമ്ബ് പരമാവധി തെളിവ് ശേഖരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്‌ളാറ്റുടമകളുടെ മൊഴിയെടുപ്പും തുടരുകയാണ്