പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ കോവിഡ് ടെസ്റ്റ് ഫലത്തിലും മറിമായം; കോവിഡ് പോസിറ്റീവ് എന്ന ‘വ്യാജ ടെസ്റ്റ്’ ഫലം നൽകിയിരിക്കുന്നത് പോലീസ് ഉദ്യോ​ഗസ്ഥന്റെ പൂർണ ​ഗർഭിണിയായ ഭാര്യക്ക് ; സമാന അനുഭവം പലർക്കും ഉണ്ടായതായി കണ്ടെത്തൽ; ആശുപത്രിക്കെതിരെ പരാതി നൽകാൻ ഒരുങ്ങി യുവതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൂർണഗർഭിണിയായ യുവതിക്ക് കോവിഡ് പോസിറ്റീവ് എന്ന വ്യാജ ടെസ്റ്റ് ഫലം നൽകിയ പാലായിലുള്ള മാർ സ്ലീവ മെഡിസിറ്റിക്കെതിരെ പരാതി നൽകാൻ ഒരുങ്ങി യുവതി.

പത്തനംതിട്ട വലംചുഴി സ്വദേശിയും പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായ സുബീക്ക് അബ്ദുൾ റഹീമും ഭാര്യ കോട്ടയം പത്തനാട് സ്വദേശിയായ ഷിഗാന അബ്ദുൾ കരീമുമാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവ തീയതി ആശുപത്രിയിലെത്തിയ ഷിഗാനയ്ക്ക് കൊവിഡ് ടെസ്റ്റ് നിർദേശിക്കുകയായിരുന്നു. അവിടെത്തന്നെ ടെസ്റ്റ് നടത്തുകയും ചെയ്തു. ടെസ്റ്റ് ഫലം വന്ന ശേഷം അഡ്മിറ്റ് ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു.

അന്ന് വൈകീട്ട് തന്നെ ആശുപത്രിയിൽ നിന്ന് ഫോൺ വരികയും ടെസ്റ്റ് ഫലം പൊസിറ്റീവാണെന്ന് അറിയിക്കുകയും ചെയ്തു. അധികം മുറികൾ ഒഴിവില്ലെന്നും ഉടൻ തന്നെ ആശുപത്രിയിൽ അഡ്മിറ്റാകണമെന്നും കൂട്ടത്തിൽ അറിയിച്ചു.

നോർമൽ പ്രസവത്തിന് മുപ്പത്തിയയ്യായിരം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടിരുന്നത്. കൊവിഡ് ഫലം വന്നതോടെ ചികിത്സാച്ചെലവ് രണ്ടിരട്ടിയോളമെങ്കിലും വർധിക്കുമെന്ന് ഉറപ്പായി.

എന്നാൽ ഗർഭകാലത്ത് ഉടനീളം വളരെയധികം ശ്രദ്ധയോടെ തുടർന്നിട്ടും എങ്ങനെയാണ് കൊവിഡ് പിടിപെട്ടത് എന്ന സംശയത്തിൽ ഷിഗാനയും ഭർത്താവ് സുബീക്ക് അബ്ദുൾ റഹീമും പുറത്ത് നിന്ന് വീണ്ടും കൊവിഡ് ടെസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

പുറത്ത് നിന്ന് ആന്റിജെൻ ടെസ്റ്റും ആർടിപിസിആറും ചെയ്തു. ആന്റിജെൻ ടെസ്റ്റ് ഫലം നെഗറ്റീവായി അന്ന് തന്നെ റിപ്പോർട്ട് ലഭിച്ചു. പിറ്റേന്ന് തന്നെ ആർടിപിസിആർ ഫലവും നെഗറ്റീവായി ലഭിച്ചു.

ഇതോടെ പാലായിലെ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടതില്ലെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു.

പിന്നീട് ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിച്ചപ്പോൾ മറ്റ് പലർക്കും സമാനമായ അനുഭവം ഉണ്ടായതായി തങ്ങൾ കണ്ടെത്തിയെന്നാണ് ഇവർ അവകാശപ്പെടുന്നത്.

വൈകാതെ തന്നെ മറ്റ് പരാതിക്കാരെ കൂടി ഉൾപ്പെടുത്തി ആരോഗ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് ഷിഗാനയുടെയും സുബീക്കിന്റെയും തീരുമാനം.