
തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് നടത്തി കെഎസ്‍യു.
മാര്‍ ഇവാനിയോസ് കോളേജ് അടക്കം എസ്‌എഫ്‌ഐയുടെ കുത്തകയായിരുന്ന ക്യാമ്പസ്സുകളില്‍ കെഎസ്‍യു ഭരണം പിടിച്ചു. അതേ സമയം ഏറ്റവും കൂടുതല്‍ യൂണിയനുകളുടെ ഭരണം എസ്‌എഫ്‌ഐക്കാണ്.
70 ഇല്‍ 56 കോളേജുകളില്‍ ഭരണം നേടിയെന്ന് എസ്‌എഫ്‌ഐ അവകാശപ്പെട്ടു. 15 കോളേജുകളില്‍ യൂണിയൻ ഭരണം നേടി എന്ന് കെഎസ്‍യുവും അവകാശപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
24 വര്‍ഷത്തിന് ശേഷമാണ് മാര്‍ ഇവാനിയോസ് കോളേജ് ഭരണം കെഎസ്‍യു നേടിയത്. നേരത്തെ കെഎസ്‍യുവിന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു മാര്‍ ഇവാനിയോസ് കോളേജ്. 1999ലാണ് എസ്‌എഫ്‌ഐ കെഎസ്‍യുവില്‍ നിന്ന് മാര്‍ ഇവാനിയോസ് പിടിച്ചെടുത്തത്.
അതിനു ശേഷം ഇതുവരെ എസ്‌എഫ്‌ഐയുടെ കുത്തകയായിരുന്നു ഇത്. മാര്‍ ഇവാനിയോസിലെ മുഴുവൻ ജനറല്‍ സീറ്റുകളും കെഎസ്‍യു പിടിച്ചെടുത്തു.
12 വര്‍ഷത്തിന് ശേഷം നെടുമങ്ങാട് ഗവണ്‍മെൻറ് കോളേജ് യൂണിയനും കെഎസ്‍യു നേടി. തോന്നക്കല്‍ എ ജെ കോളേജിലും കെഎസ്‍യു ഭരണം പിടിച്ചു. ലോ കോളേജില്‍ ചെയര്‍മാൻ, വൈസ് ചെയര്‍മാൻ, ജനറല്‍ സെക്രട്ടറി സീറ്റുകള്‍ കെഎസ്‍യു സ്വന്തമാക്കി.
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 16 ല്‍ ഏഴിടത്ത് വീതം കെഎസ്‍യുവും എസ്‌എഫ്‌ഐയും ജയിച്ചു. രണ്ടിടങ്ങളില്‍ ജയിച്ചത് എബിവിപിയാണ്. യൂണിവേഴ്സിറ്റി കോളേജ്, വുമണ്‍സ് കോളേജ്, ചെമ്ബഴന്തി എസ്‌എൻ., കൊല്ലം എസ്‌എൻ അടക്കമുള്ള കോളേജുകള്‍ എസ്‌എഫ്‌ഐ നിലനിര്‍ത്തി.
വര്‍ഷങ്ങളായി എസ്‌എഫ്‌ഐയുടെ കയ്യിലായിരുന്ന സീറ്റുകള്‍ പിടിച്ചെടുക്കാനായെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും എംജി യൂണിവേഴ്സിറ്റിയും കടന്ന് കേരള യൂണിവേഴ്സിറ്റിയിലും ശക്തമായ മുന്നേറ്റം നടത്താനായെന്ന് അദ്ദേഹം പ്രതികരിച്ചു.