16 വയസ് പ്രായമായ പെൺകുട്ടി രക്ഷപ്പെട്ട് പോലീസിൽ വിവരം അറിയിച്ചപ്പോൾ പുറത്തു വന്നത് വൻ മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ: പാവപ്പെട്ടവരെ സഹായിക്കാനെന്നെ രീതിയിൽ സമൂഹ വിവാഹത്തിന്റെ മറവിൽ ഒരു സ്ത്രീ നടത്തിയത് മാംസ കച്ചവടമായിരുന്നു: നിറവും പ്രായവും നോക്കി പെൺകുട്ടികൾക്ക് ലക്ഷങ്ങൾ വിലയിട്ടു.

Spread the love

ജയ്പൂർ: എൻ‌ജി‌ഒയുടെ മറവില്‍ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനില്‍ പിടിയില്‍. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്.

ഒരു സ്ത്രീയാണ് സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെ ഇത്തരത്തില്‍ കെണിയില്‍ പെടുത്തിയിരുന്നത്. ഗായത്രി വിശ്വകർമ്മ എന്നു പേരുള്ള ഇവർ തന്നെയായിരുന്നു ഈ വ്യാജ എൻജിഒ നടത്തിയിരുന്നതും. ഏജന്റുമാരില്‍ നിന്ന് പെണ്‍കുട്ടികളെ ‘വാങ്ങി’ വധുവിനെ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് 2.5-5 ലക്ഷം രൂപ വരെയുള്ള വിലയ്ക്ക് ‘വില്‍ക്കുമായിരുന്നു’ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജയ്പൂരില്‍ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ബസ്സിയിലെ സുജൻപുരയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.ഗായത്രി സർവ സമാജ് ഫൗണ്ടേഷൻ എന്നാണ് വ്യാജ എൻജിഒയുടെ പേര്. ഇവർ സ്ഥിരമായി സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീഹാർ, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഏജന്റുമാ‍ർ ‘വാങ്ങി’ ‘എൻ‌ജി‌ഒ’യുടെ ഡയറക്ടർ ഗായത്രി വിശ്വകർമയ്ക്ക് ‘വില്‍ക്കുമായിരുന്നു. ഗായത്രി ഈ പെണ്‍കുട്ടികളെ 2.5-5 ലക്ഷം രൂപയ്ക്ക് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് മറിച്ചു ‘വില്‍ക്കുമായിരുന്നു’ എന്ന് ബസ്സി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അഭിജിത് പാട്ടീല്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ നിറം, ഉയരം, പ്രായം എന്നിവ അനുസരിച്ചാണ് ‘വില’ തീരുമാനിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് 18 വയസ്സിന് മുകളിലാണെന്ന് കാണിക്കാൻ ഗായത്രി വ്യാജ ആധാർ കാർഡുകള്‍ തയ്യാറാക്കി കൊടുക്കുമായിരുന്നു. ഏകദേശം 1,500 വിവാഹങ്ങള്‍ ഇതുവരെ അവർ നടത്തിക്കൊടുത്തിട്ടുണ്ടെന്നും പത്തോളം കേസുകളും ഇവ‌ർക്കെതിരെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഉത്തർപ്രദേശുകാരിയായ 16 വയസ്സുള്ള ഒരു പെണ്‍കുട്ടി ഞായറാഴ്ച ഇവിടെ നിന്ന് രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, പൊലീസ് സ്ഥാപനം റെയ്ഡ് ചെയ്തു. ഇതോടെ ഗായത്രി, കൂട്ടാളി ഹനുമാൻ, ഭഗവാൻ ദാസ്, മഹേന്ദ്ര എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.