
ആത്മീയ വിശ്വാസത്തിന്റെ നിറവിൽ കുട്ടികളെ വളർത്തണം: മന്ത്രി റോഷി അഗസ്റ്റിൻ :മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സൺഡേസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി
മണർകാട്: സമൂഹത്തിലുണ്ടാകേണ്ട വളർച്ചയുടെ ഘട്ടങ്ങളിൽ ആത്മീയമായ വിശ്വാസത്തിന്റെ നിറവിൽ കുട്ടികളെ വളർത്തേണ്ടതാണെന്നുള്ള ബോധ്യം ഒരിക്കലും കൈമോശം വരാതെ സൂക്ഷിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും കത്തീഡ്രലിലെ സൺഡേസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ബോധ്യമനസുകളിലേക്ക് ആത്മീയതയും ദൈവവചനങ്ങളും എത്തിചേരാൻ സാധിക്കുന്ന വിധത്തിൽ നിർണായക പങ്ക് വഹിക്കുന്നതാണ് സൺഡേസ്കൂൾ പ്രസ്ഥാനങ്ങൾ. കാലനുസൃതമായ മാറ്റത്തിന്റെ ഉടയാളുകളായി മാറേണ്ട അധ്യാപകരിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളവരാണ് സൺഡേ സ്കൂൾ അധ്യാപകർ. കുട്ടികളെ അത്മീയമായ വളർച്ചയിൽ നയിക്കുന്നതിൽ അവർ നടത്തുന്നത് വലിയ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സീനിയർ സിറ്റിസൺ പവർ ലിഫ്റ്റിംഗിൽ സ്വർണ മെഡൽ നേടിയ കത്തീഡ്രൽ സഹവികാരി ഫാ. ജെ. മാത്യു മണവത്തിന് കത്തീഡ്രലിന്റെ ഉപഹാരം മന്ത്രി റോഷി അഗസ്റ്റിൻ നൽകി. ഫ്രാൻസിസ് ജോർജ് എം.പി. പൊന്നാട അണിയിച്ച് ഫാ. ജെ. മാത്യു മണവത്തിനെ ആദരിച്ചു. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും സൺഡേസ്കൂൾ ശതാബ്ദിയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് കാർണിവലിനോട് അനുബന്ധിച്ചുള്ള റീൽസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അലൻ, രണ്ടാം സ്ഥാനം ലഭിച്ച ലക്ഷി പി. എന്നിവർക്ക് മൊമെന്റോയും ക്യാഷ് പ്രൈസും കോട്ടയം എഡിഎം എസ്. ശ്രീജിത് വിതരണം ചെയ്തു. ഫാ. ജെ. മാത്യു മണവത്ത് മറുപടി പ്രസംഗം നടത്തി.
ജില്ലാ പഞ്ചായത്തംഗം റെജി എം. പീലിപ്പോസ്, കത്തീഡ്രൽ സഹവികാരി ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. ലിറ്റു തണ്ടാശേരിൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ഇന്നലെ നടന്ന സന്ധ്യാപ്രാർഥനയ്ക്ക് യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ഇടവകയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടത്തി. രാത്രി ഒൻപതിന് റാസ, ആശീർവാദം എന്നിവയ്ക്ക് ശേഷം മാർഗംകളി, പരിചമുട്ടുകളി എന്നിവ നടന്നു.